LiveTV

Live

Kerala

പാലത്തായി കേസ്: അന്തര്‍ധാര സജീവമായാല്‍ ചങ്കിലെ നീതി ചാവും; പി.കെ അബ്ദുറബ്ബ്

'അന്യംനിൽക്കുന്ന നീതി, അഭിമാനികൾക്കനീതി, അശരണർക്കു ഭീതി, അൽപ ചങ്കന്മാർക്കതനുഭൂതി'

പാലത്തായി കേസ്: അന്തര്‍ധാര സജീവമായാല്‍ ചങ്കിലെ നീതി ചാവും; പി.കെ അബ്ദുറബ്ബ്

കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി മുസ്‍ലിം ലീഗ് നേതാവും എം.എല്‍.എയുമായ പി.കെ അബ്ദുറബ്ബ്. 'പാലത്തായിക്കും പാലം വലിച്ച സര്‍ക്കാര്‍, അന്തര്‍ധാര സജീവമായാല്‍ ചങ്കിലെ നീതി ചാവും'; എന്നാണ് പി.കെ അബ്ദുറബ്ബ് പ്രതികരിച്ചത്.

'അന്യംനിൽക്കുന്ന നീതി, അഭിമാനികൾക്കനീതി, അശരണർക്കു ഭീതി, അൽപ ചങ്കന്മാർക്കതനുഭൂതി' എന്നും പി.കെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പുകൾ ചുമത്തിയിരുന്നില്ല. കുട്ടികളെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പോക്സോ ആക്ട് ചുമത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കവെയാണ് ഇന്ന് വൈകിട്ട് തലശേരി പോക്സോ കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.