LiveTV

Live

Kerala

സമ്പർക്ക കേസുകൾ കൂടുന്നു; കോഴിക്കോട് കടുത്ത നിയന്ത്രണം,സെൻട്രൽ മാർക്കറ്റ് ഭാഗികമായി അടച്ചു

കോഴിക്കോട് ജില്ലയിൽ ഇന്നലെ 64 പേർക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ 63 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ

സമ്പർക്ക കേസുകൾ കൂടുന്നു; കോഴിക്കോട് കടുത്ത നിയന്ത്രണം,സെൻട്രൽ മാർക്കറ്റ് ഭാഗികമായി അടച്ചു

കോഴിക്കോട് ജില്ലയിൽ ഇന്നലെ 64 പേർക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ 63 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം നിയന്ത്രണം കര്‍ശനമാക്കും.

തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോർപ്പറേഷൻ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് 63 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ കണ്ടെത്തിയത്. ഇതിലൊരാളുടെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. വിദേശത്ത് നിന്നെത്തിയ മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചു. മാർക്കറ്റുകൾ, മാളുകൾ, ഫ്ലാറ്റുകൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ, തുടങ്ങി പൊതുജനം ഒത്തുകൂടുന്ന സ്ഥലങ്ങളിൽ നിന്നാണ് രോഗാവ്യാപനമുണ്ടായത് എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജില്ലയിലുടനീളം നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ജില്ലാ ഭരണകൂടം. കോഴിക്കോട് സെൻട്രൽ മാർക്കറ്റിന്‍റെ പ്രവർത്തനം ഭാഗികമായി നിർത്തിവെച്ചു. രാവിലെ 8 മണിക്ക് മുൻപായി 10 വാഹനങ്ങൾക്ക് മാത്രമാണ് മാർക്കറ്റിലേക്ക് പ്രവേശനമുണ്ടാകുക.

പൊലീസ് അനുമതിയില്ലാത്ത പ്രതിഷേധ പ്രകടനങ്ങളും ധർണകളും ഘോഷയാത്രകളും നിരോധിച്ചു. അനുമതിയോടെ നടത്തുന്ന പരിപാടികളിൽ പത്തിലധികം പേർ പങ്കെടുക്കാനും പാടില്ല. കൊയിലാണ്ടി, ചോമ്പാല ഹാർബറുകളുടെ പ്രവർത്തനവും ഇനി ഒരറിയിപ്പ്‌ വരെ നിർത്തിവച്ചു. രാത്രി 10 മുതൽ രാവിലെ 5 മണി വരെ രാത്രി കർഫ്യൂ കർശനമായി നടപ്പിലാക്കാനും നിരീക്ഷണം ശക്തമാക്കാനും പൊലീസിന് നിർദേശം നൽകി. അഴിയൂർ, വാണിമേൽ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കോർപ്പറേഷനിലെ പയ്യാനക്കൽ പുതിയങ്ങാടി ചെറുവണ്ണൂർ ഈസ്റ്റ് ഡിവിഷനുകളും പുതുതായി കണ്ടെയ്ന്‍മെന്‍റ് സോണിൽ ഉൾപ്പെടുത്തി.