LiveTV

Live

Kerala

ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തം: കെ.ജി.എം.ഒ.എ

രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം

ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ  ഉത്തരവാദിത്തം: കെ.ജി.എം.ഒ.എ

കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം

കത്തിലുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

പ്രാഥമിക തലത്തിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക, അവരില്‍ രോഗമുള്ളവര്‍ ഉണ്ടെങ്കില്‍ പരിശോധനാകേന്ദ്രത്തിലേക്ക് അയക്കുക, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ വന്നാല്‍ അത് കണ്ടെത്തി അവരെ പരിശോധനയ്ക്ക് അയക്കുക, പരിശോധനക്ക് അയക്കേണ്ടവര്‍ക്ക് വാഹനം ഏര്‍പ്പെടുത്തുക, നിര്‍ദ്ദേശം ലഭിക്കുന്ന മുറക്ക് സ്രവ പരിശോധനയും ആന്റിജന്‍ പരിശോധനയും നടത്തുക, ബോധവല്‍ക്കരണവും ട്രെയിനിംഗുകളും നടത്തുക, ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, അതിഥി തൊഴിലാളികളുടെ ആവാസ കേന്ദ്രങ്ങളുടെ സന്ദര്‍ശനം, കൊറോണ പരിപാലന കേന്ദ്രങ്ങളുടെ മേല്‍നോട്ടം, വിവിധ തലങ്ങളിലെ മീറ്റിംഗുകള്‍, റിപ്പോര്‍ട്ടിംഗ്, മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും മറ്റു ആവശ്യസംവിധാനങ്ങളും സജ്ജീകരിക്കണം

ഇന്നത്തെ സാഹചര്യത്തില്‍ പ്രാഥമിക തലത്തിലുള്ള ഒരു ആശുപത്രിയിലെ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ മുഴുവന്‍ സമയവും പൂര്‍ണമായും വിനിയോഗിച്ചാല്‍ പോലും ഈ ജോലികള്‍ സമയത്തിനു ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനങ്ങളില്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടായാല്‍ അതിന്‍റെ മുഴുവന്‍ പ്രവര്‍ത്തനവും നിലച്ചുപോകാതിരിക്കാന്‍ ലെയറിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആയതുകൊണ്ട് പ്രാഥമിക തലത്തിലുള്ള സ്ഥാപനങ്ങള്‍ എല്ലാം കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ശക്തീകരിക്കേണ്ടതുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍മാരെ പതിവ് ഓപിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുകയാണെങ്കില്‍ ആ ഡോക്ടര്‍ക്ക്‌ കൊറോണ പ്രതിരോധം കാര്യക്ഷമമായി നടപ്പാക്കാനാവും. അതിനു മതിയാകുന്ന തരത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കൂ. ഒപ്പം കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ വൈകുന്നേരഓപി കൂടി ഒഴിവാക്കിയാല്‍ മാനവവിഭവശേഷി ലാഭിക്കാനാകും.

കേരളത്തിലെ കോവിഡ് ചികിത്സ ഇന്ന് ഏറെക്കുറെ പൂര്‍ണ്ണമായും ആരോഗ്യ വകുപ്പ് ജീവനക്കാരാണ് നടത്തുന്നത്. ആകെ പോസിറ്റീവായ ഒന്‍പതിനായിരത്തോളം രോഗികളില്‍ എഴായിരത്തില്‍പരം രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രി കളിലാണ് ചികിത്സിച്ചത്. രോഗബാധ വര്‍ദ്ധിക്കുന്നതിനനുസരിച്ച് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും , മാനവ വിഭവ ശേഷിയുടെ കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ ഒന്നും കാണുന്നില്ല.

കേരള സര്‍ക്കാര്‍ ഈയിടയ്ക്ക് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടു പ്രകാരം 42% രോഗികളും ഒരു രോഗലക്ഷണവും കാണിക്കുന്നില്ല. 31% പേര്‍ ചെറിയ അസ്വസ്ഥതകള്‍ മാത്രമുള്ള കാറ്റഗറി Aയില്‍പെടുന്നവരാണ്. ഇത്തരം രോഗികളെ പാര്‍പ്പിക്കാന്‍ ഓരോ പഞ്ചായത്തിലും സി എഫ് എല്‍ ടി സീകള്‍ സ്ഥാപിക്കാനുള്ള നടപടികളിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ പുതുതായി സ്ഥാപിക്കുന്ന ഓരോ ചികിത്സാ കേന്ദ്രത്തിലും പുതുതായി ഡോക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ രോഗീപരിചരണം അവതാളത്തിലാകാന്‍ ഇടയുണ്ട്.

കേരളത്തില്‍ ഇന്ന് പ്രതിദിനം പതിനയ്യായിരത്തിനു മുകളില്‍ സ്രവപരിശോധനകള്‍ നടത്തേണ്ടി വരുന്നുണ്ട്. കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു ഏതൊരു പരിശീലനം ലഭിച്ച ആരോഗ്യ ജീവനക്കാരനും സ്രവം ശേഖരിക്കാം. എന്നാല്‍ നമ്മുടെ സ്ഥാപനങ്ങളില്‍ ഒട്ടുമിക്ക ഇടങ്ങളിലും ഡോക്ടര്‍മാര്‍ നേരിട്ടാണ് സ്രവം ശേഖരിക്കുന്നത്. തിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റു ആരോഗ്യ ജീവനക്കാരെയും കൂടി ഇതിനായി വിനിയോഗിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

നിരവധി ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ ജീവനക്കാര്‍ക്കും കോവിഡ് ബാധ ഉണ്ടാവുന്ന സാഹചര്യത്തില്‍ ആരോഗ്യ ജീവനക്കാരെ കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ട്. പൊതുജനവുമായി അടുത്ത് ഇടപഴകുന്ന ഇവര്‍ക്ക് രോഗബാധയുണ്ടായാല്‍ ആശുപത്രികൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറുകയും അത് സമൂഹത്തിൽ തീവ്രരോഗവ്യാപനം ഉണ്ടാക്കുകയും ചെയ്യും. ഇപ്രകാരം പരിശോധനക്ക് വിധേയരാകുന്ന ആരോഗ്യ ജീവനക്കാരുടെ പരിശോധന ഫലം എത്രയും പെട്ടെന്ന് ലഭ്യമാകേണ്ടത് അത്യാവശ്യമാണ്. ഇതിനായി പരിശോധന ചെയ്യുന്ന ലാബില്‍ ആരോഗ്യ ജീവനക്കാരുടെ സാമ്പിളുകള്‍ക്ക് പ്രാധാന്യം നല്കാന്‍ നിര്‍ദ്ദേശിക്കണം. കോവിഡേതിര ആശുപത്രികളിൽ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം വരുന്നതുവരെ അവരെ രോഗീപരിചരണത്തില്‍ നിന്നും മാറ്റി നിർത്തുകയും വേണം.

ലോകാരോഗ്യസംഘടന ഉള്‍പെടെയുള്ള ആരോഗ്യ വിദഗ്ദ്ധര്‍ കൊറോണ വൈറസിന്റെ വായുജന്യത (aerosol transmission) അംഗീകരിച്ച സാഹചര്യത്തില്‍ രോഗീപരിചരണം നടത്തുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും N 95 മാസ്കുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

പല ആരോഗ്യ സ്ഥാപനങ്ങളിലും ഡോക്ടർമാരടക്കമുള്ള എല്ലാ ആരോഗ്യ ദാതാക്കളും ഒരുമിച്ചു ജോലി ചെയ്യുന്നതിനാല്‍ തമ്മിലും കോവിഡ് സാധ്യതയുള്ള രോഗികളുമായും അടുത്ത് ഇടപഴകുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു ആശുപത്രിയിലെ ഒരു ആരോഗ്യ ജീവനക്കാരന് രോഗം പിടിപെട്ടാല്‍ ആ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും ക്വാറന്റൈനില്‍ പോകുവാനും ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുവാനും ഇടവരുന്നു. കൂടാതെ, വലിയതോതിലുള്ള രോഗവ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നു. ആയതിനാല്‍ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ നിലനിർത്തുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലെയറിംഗ് സംവിധാനം നിര്‍ബന്ധമാക്കണം. കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.