LiveTV

Live

Kerala

തിരുവല്ലയില്‍ കോവിഡ് സ്ഥീരീകരിച്ച കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും

അടൂരിലെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആശുപത്രി കെട്ടിടം അണുവിമുക്തമാക്കും

തിരുവല്ലയില്‍ കോവിഡ് സ്ഥീരീകരിച്ച  കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും

പത്തനംതിട്ട തിരുവല്ലയില്‍ കോവിഡ് സ്ഥീരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും. അടൂരിലെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആശുപത്രി കെട്ടിടം അണുവിമുക്തമാക്കും. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍ക്കും രോഗബാധ കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് പേരില്‍ നിന്നുമാണ് സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ അന്തേവാസികള്‍ക്ക് രോഗം പകര്‍ന്നത്. നിലവില്‍ രോഗബാധയേറ്റ 17 കന്യാസ്ത്രീകളെ മഠം പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടിനുള്ളിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബാക്കിയുള്ളവരെ മഠത്തില്‍ തന്നെ ഒരുക്കിയ പ്രത്യേകം സ്ഥലത്ത് നിരീക്ഷണത്തിലാക്കി. രണ്ടുപേര്‍ക്ക് സമാന രോഗലക്ഷണങ്ങള്‍ ഉള്ളതായി സംശയിക്കുന്നു.

അതേസമയം രോഗബാധിതയായ അടൂര്‍ ജന. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ ഈ മാസം 6 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ശസ്ത്രക്രിയകളും ഡോക്ടര്‍ ചെയ്തിരുന്നു. ഇന്ന് സ്രവപരിശോധന ഉള്‍പ്പെടെ നിര്‍ത്തിവച്ച് ആശുപത്രി അണുവിമുക്തമാക്കും. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 4 പേരുടെ രോഗ ഉറവിടം അവ്യക്തമാണ്. കോഴഞ്ചേരി സ്വദേശിയായ അധ്യാപകനും അടൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും രോഗബാധ കണ്ടെത്തിയത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ 6300 ഫസ്റ്റ്‌ലൈന്‍ സെന്‍റര്‍ മുറികള്‍ ഒരുക്കാന്‍ ജില്ലാഭരണകൂടവും തീരുമാനിച്ചു.