LiveTV

Live

Kerala

മാധ്യമങ്ങളോട് പ്രതികരിക്കും മുന്‍പ് സംഘടനയുടെ അനുമതി വാങ്ങണമെന്ന് സമസ്ത നേതാക്കള്‍ക്ക് നിര്‍ദേശം

നാസര്‍ ഫൈസി കൂടത്തായി പങ്കെടുത്ത സംഘപരിവാര്‍ ചാനലിലെ ചര്‍ച്ചയില്‍ അവതാരകന്‍ സമസ്ത തീവ്രവാദ സംഘടനയാണെന്ന് ആക്ഷേപിച്ചിരുന്നു

മാധ്യമങ്ങളോട് പ്രതികരിക്കും മുന്‍പ് സംഘടനയുടെ അനുമതി വാങ്ങണമെന്ന് സമസ്ത നേതാക്കള്‍ക്ക് നിര്‍ദേശം

സംഘടനയുടെ അനുമതി വാങ്ങാതെ വിശ്വാസപരമോ രാഷ്ട്രീയപരമോ ആയ വിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് പോഷക സംഘടന ഭാരവാഹികള്‍ക്ക് സമസ്തയുടെ നിര്‍ദേശം. എസ്.വൈ.എസ് സെക്രട്ടറി

നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ള ചില നേതാക്കള്‍ സമസ്തയുടെ വിലാസത്തില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് സംഘടനക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലാണ് തീരുമാനത്തിന് കാരണം. സമസ്തയുടെ വിലാസത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും ഇവര്‍ക്ക് നിര്‍ദേശമുണ്ട്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നാസര്‍ ഫൈസി കൂടത്തായി പങ്കെടുത്ത സംഘപരിവാര്‍ ചാനലിലെ ചര്‍ച്ചയില്‍ അവതാരകന്‍ സമസ്ത തീവ്രവാദ സംഘടനയാണെന്ന് ആക്ഷേപിച്ചിരുന്നു. ചില കാര്യങ്ങളില്‍ മൗനം പാലിക്കുന്നതും ഒരു നിലപാടായി കണക്കാക്കണമെന്ന് യോഗത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞു.

കര്‍മ്മശാസ്ത്രം അടക്കമുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളോട് തിടുക്കപ്പെട്ട് പ്രതികരിക്കുന്നത് മൂലം സമൂഹ മധ്യത്തില്‍ സമുദായം അപമാനിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളും തീരുമാനത്തിന് പിറകിലുണ്ട്. മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് പോകുന്നതിന് മുന്‍പ് സമസ്തയുടെ അധ്യക്ഷനെ തന്നെ ബന്ധപ്പെട്ട് അനുമതി വാങ്ങാനാണ് നിര്‍ദേശം. സമസ്തയും ലീഗുമായി പ്രശ്‌നമുണ്ടായാല്‍ മദ്രസകള്‍ പൂട്ടേണ്ടിവരുമെന്ന പരാമര്‍ശത്തില്‍ ആര്‍.വി കുട്ടിഹസ്സന്‍ ദാരിമിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ബലി അറുക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ മഹല്ലുകള്‍ക്ക് നിര്‍ദേശം നല്‍കും. ഇതു സംബന്ധിച്ച വിശദമായ കുറിപ്പ് സമസ്ത പുറത്തിറക്കും.