LiveTV

Live

Kerala

പാലത്തായി പീഡന കേസിൽ കുറ്റപത്രം സമർപ്പിക്കാതെ സർക്കാർ സംഘ്പരിവാറുമായി ഒത്തുകളിക്കുന്നു: വെൽഫെയർ പാർട്ടി

ആഭ്യന്തരവകുപ്പിലെ സംഘ്പരിവാർ സ്വാധീന ശക്തികൾ അവരുടെ താൽപ്പര്യങ്ങൾ നിഷ്പ്രയാസം നടപ്പാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്

പാലത്തായി പീഡന കേസിൽ കുറ്റപത്രം സമർപ്പിക്കാതെ സർക്കാർ  സംഘ്പരിവാറുമായി ഒത്തുകളിക്കുന്നു: വെൽഫെയർ പാർട്ടി

കണ്ണൂരിലെ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിച്ചെടുക്കാൻ ഇടതു സർക്കാർ സംഘ്പരിവാറും ചേർന്നു നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഏപ്രിൽ 15 ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നത് പോലീസിലെ സംഘപരിവാറിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ്. മാർച്ച് 19 - ന് നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞാണ് ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്. വിമൻ ജസ്റ്റിസ് ഉൾപ്പെടെയുള്ള സംഘടനകളും സാമൂഹിക പ്രവർത്തകരും നടത്തിയ ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് പത്മരാജൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. മറ്റൊരാൾ കൂടി പീഡന കേസിൽ പ്രതിയാണ് എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയുടെ മേൽ ഇതുവരെ കുട്ടിയുടെ മൊഴിയെടുക്കാനോ എഫ്ഐആർ ഇടാനോ പോലീസ് തയ്യാറായിട്ടില്ല. പീഡനത്തിന് ഇരയായ കുട്ടിയെ മനോരോഗി ആക്കാനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട 90 ദിവസം പൂർത്തിയാകുമ്പോൾ സ്വാഭാവികമായും പ്രതിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി പ്രതിയെ രക്ഷിക്കാനാണ് ഇടത് ഭരണകൂടം ശ്രമിക്കുന്നത്. ആഭ്യന്തരവകുപ്പിലെ സംഘ്പരിവാർ സ്വാധീന ശക്തികൾ അവരുടെ താൽപ്പര്യങ്ങൾ നിഷ്പ്രയാസം നടപ്പാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.

ഭരണ പക്ഷത്തുനിന്ന് പരസ്യമായ പിന്തുണ പ്രതികൾക്കുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സർക്കാരിന്റെ ഈ കേസുമായി ബന്ധപ്പെട്ട് പല നടപടികളും. ആരോഗ്യ മന്ത്രിയുടെ സ്വന്തം മണ്ഡലമായ കൂത്തുപറമ്പിൽ നടന്ന ക്രൂരമായ പീഡനത്തിൽ നാളിതുവരെ കുട്ടിയുടെ വീട് സന്ദർശിക്കാനോ വീട്ടുകാരെ കാണാനോ വനിതാ ശിശുക്ഷേമ മന്ത്രി കൂടിയായ ശൈലജ ടീച്ചർ തയ്യാറായിട്ടില്ല. കോവിഡ് കാലത്തെ കുട്ടികളുടെ ആത്മഹത്യാപ്രവണതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ അസ്വസ്ഥതകൾ പങ്കുവയ്ക്കുന്ന ആരോഗ്യമന്ത്രി പാലത്തായി കേസിൽ മൗനം പാലിക്കുന്നത് സംശയാസ്പദമാണ്.

ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഭരണകൂടത്തിൽ നിന്ന് നീതി ലഭിക്കില്ലയെന്ന് ഉറപ്പായ സാഹചര്യത്തിൽ പൊതു സമൂഹത്തിന്റെ നിരന്തര ജാഗ്രതയും പ്രതിഷേധവും ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. ഒരുകാരണവശാലും പ്രതി രക്ഷപ്പെട്ടില്ല എന്ന് ഉറപ്പാക്കേണ്ടത് നീതി ബോധമുള്ള സമൂഹത്തിൻറെ ബാധ്യത കൂടിയാണ്. മറ്റൊരു വാളയാർ ആവർത്തിക്കാതിരിക്കാനുള്ള നിരന്തര ഇടപെടൽ അനിവാര്യമാണ്. സിപിഎം - സംഘപരിവാർ ഒത്തുകളിക്ക് എതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.