LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എന്‍.ഐ.എ

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസാണെന്നും സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എന്‍.ഐ.എ

നയതന്ത്രബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസാണെന്നും സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വർണ്ണക്കടത്തിൽ പങ്കുണ്ടന്ന് റമീസ് സമ്മതിച്ചതായി കസ്റ്റംസ് കോടതിയില്‍ പറയുന്നു.

സ്വർണക്കടത്ത് കേസിൽ പെരിന്തൽമണ്ണ സ്വദേശി റമീസിന്‍റെ പങ്ക് വ്യക്തമായത് ഒന്നാം പ്രതി സരിത്തിന്‍റെ മൊഴിയിൽ നിന്നാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. നയതന്ത്ര മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയതില്‍ തന്‍റെ പങ്ക് കെ.ടി റെമീസ് സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സ്വപ്ന,സന്ദീപ്, സരിത് എന്നിവരുടെ പങ്കും റെമീസ് വെളിപ്പെടുത്തി.

പ്രതികളുടെ ഇടപാടുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. പല തവണ സ്വർണം കടത്തിയിട്ടുണ്ടെന്നും അതിനാൽ പ്രതിയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമുള്ള കസ്റ്റംസിന്‍റെ ആവശ്യം കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതി അംഗീകരിച്ചു. എന്‍.ഐ.എയുടെ പിടിയിലായ സ്വപ്ന, സന്ദീപ് എന്നീ പ്രതികളെ വിട്ടുകിട്ടണമെന്ന് എന്‍.ഐ.എയും പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയെ ബാധിക്കുന്നതാണ് ഈ കള്ളക്കടത്ത്.

വലിയ ഗൂഢാലോചന ഇതിലുണ്ട്. പ്രതികൾക്കെതിരെ പ്രഥമദ്യഷ്ട തെളിവുണ്ടെന്നും എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. തെളിവുകളടങ്ങുന്ന ചില രേഖകളും എന്‍.ഐ.എ ഹാജരാക്കി. പ്രതികളായ സ്വപ്നയെയും സന്ദീപിനെയും നേരിട്ട് ഹാജരാക്കാൻ എന്‍.ഐ.എ കോടതി നിർദ്ദേശം നൽകി.