LiveTV

Live

Kerala

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ റമീസിന് നിര്‍ണായക പങ്കെന്ന് സൂചന: അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം സ്വദേശി റമീസിന്‍റെ അറസ്റ്റാണ് ചോദ്യംചെയ്ത ശേഷം രേഖപ്പെടുത്തിയത്. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് ഇയാളെന്നാണ് സൂചന.

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ റമീസിന് നിര്‍ണായക പങ്കെന്ന് സൂചന: അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ വീണ്ടും അറസ്റ്റ്. മലപ്പുറം സ്വദേശി കെ.ടി റമീസിന്‍റെ അറസ്റ്റാണ് ചോദ്യംചെയ്ത ശേഷം രേഖപ്പെടുത്തിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് ഇയാളെന്നാണ് സൂചന. കഴിഞ്ഞ വർഷം നവംബറിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്.

റമീസിന്റെ വീട്ടിൽ ഇന്നലെ വൈകീട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെമീസിന്റെ പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട റെയ്ഡില്‍ ഡിജിറ്റൽ തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചു. മലപ്പുറത്ത് കൂടുതല്‍ പേര്‍ നിരീക്ഷത്തിലാണ്.

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ റമീസിന് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടത്തല്‍. മുൻപും റമീസ് സ്വർണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. 2015ൽ സുഹൃത്തിന്‍റെ ബാഗിൽ സ്വർണം കടത്തി. റമീസിന്റെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം സ്വർണക്കടത്ത് കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഒരാള്‍ക്ക് വേണ്ടി മാത്രം കൊണ്ടുവന്നതല്ല സ്വര്‍ണം. നിരവധി പേർക്ക് വേണ്ടി പലതവണ സ്വർണം കടത്തിയിട്ടുണ്ട്. വാങ്ങിയവരേയും വിറ്റവരേയും സഹായം നല്കിയവരേയും പിടികൂടും. നിരവധി പേർ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് കസ്റ്റംസില്‍ നിന്നും ലഭിക്കുന്നത്.

അതിനിടെ സ്വപ്‍ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന എൻഐഎയുടെ ആവശ്യം ഇന്ന് കോടതി പരിഗണിക്കും. 10 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസും കോടതിയെ സമീപിച്ചേക്കും.