LiveTV

Live

Kerala

കോഴിക്കോട് സമ്പര്‍ക്ക വ്യാപനം തടയാനൊരുങ്ങി ആരോഗ്യവകുപ്പ്; ആന്‍റിജെന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും

തീരദേശ മേഖലയിലെ വ്യാപനവും തടയാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്

കോഴിക്കോട് സമ്പര്‍ക്ക വ്യാപനം തടയാനൊരുങ്ങി ആരോഗ്യവകുപ്പ്; ആന്‍റിജെന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തടയാനൊരുങ്ങി ആരോഗ്യവകുപ്പ്. ആന്‍റിജെന്‍ പരിശോധനയുടെ എണ്ണം കൂട്ടും. കൂടുതല്‍ പേരുടെ സാമ്പിള്‍ പരിശോധന ഇന്ന് തുടങ്ങും. തീരദേശ മേഖലയിലെ വ്യാപനവും തടയാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

വെള്ളയില്‍ തൂങ്ങിമരിച്ച കൃഷ്ണന്‍, കല്ലായിയിലെ യുവതി, വലിയങ്ങാടിയിലെ വ്യാപാരി തുടങ്ങിയവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് 19 ബാധിച്ചതെന്ന് കണ്ടെത്താനായില്ല. അവരുമായി സമ്പര്‍ക്കത്തിലുള്ളവരടക്കം കോര്‍പ്പറേഷന്‍ പരിധിയില്‍ ഇരുപത് പേരാണ് രോഗികള്‍. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ആന്‍റിജെന്‍ ടെസ്റ്റുകള്‍ നടത്താന്‍ ജില്ലാ വിദഗ്ധ സമിതി തീരുമാനിച്ചത്.

നഗര പരിധിയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും. ദിവസവും ഇരുനൂറ് പേരുടെ സ്രവ സാംപിള്‍ പരിശോധിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെയ്ന്‍മെന്‍റ് സോണ്‍ പട്ടികയില്‍ പെട്ട തുണേരി, നാദാപുരം എന്നിവിടങ്ങളിലും ആന്‍റിജെന്‍ ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

തീരദേശമേഖലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുറത്ത് നിന്നുള്ള വാഹനങ്ങള്‍ തീരദേശമേഖലയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കൂടുതല്‍ സ്രവ സാംപിള്‍ പരിശോധന,ബോധവത്കരണം, ഹാര്‍ബറുകളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കല്‍ തുടങ്ങിയവ ശക്തമാക്കാനാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം.