LiveTV

Live

Kerala

യുഡിഎഫ് പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന അന്വേഷണത്തിനായി സമരം തുടരും

കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള സമരങ്ങളിലേക്ക് മാറാൻ അണികൾക്ക് യുഡിഎഫ് നിർദേശം നൽകും

യുഡിഎഫ് പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന അന്വേഷണത്തിനായി സമരം തുടരും

സ്വപ്ന സുരേഷിന്‍റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തെങ്കിലും പ്രക്ഷോഭത്തിൽ നിന്ന് യുഡിഎഫ് പിന്നോട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന അന്വേഷണത്തിനായി സമ്മർദം തുടരും. എന്നാൽ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള സമരങ്ങളിലേക്ക് മാറാൻ അണികൾക്ക് യുഡിഎഫ് നിർദേശം നൽകും. സ്വപ്ന സുരേഷ് ബംഗളുരുവിലേക്ക് കടന്നതിന് സംസ്ഥാന പൊലീസിന്‍റെ സഹായത്താലാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.

മുഖ്യമന്ത്രിയുടെ സെക്രട്ടറി ഉൾപ്പെട്ട തട്ടിപ്പായതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ വരണമെന്നതാണ് യുഡിഎഫ് നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട യുഡിഎഫ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചതും ഈ ലക്ഷ്യം മുൻനിർത്തി തന്നെ. എല്ലാം കേന്ദ്രം അന്വേഷിക്കുമെന്ന നിലപാടിലായിരുന്ന സംസ്ഥാന സർക്കാർ ഒരു കേസ് രജിസ്റ്റർ ചെയ്യാൻ ഒടുവിൽ വഴങ്ങി. പ്രക്ഷോഭത്തിന്‍റെ ആദ്യ ഘട്ട വിജയമായി ഇതിനെ വിലയിരുത്തുമ്പോഴും പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് യുഡിഎഫ് നിലപാട്. വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ മാത്രമൊതുങ്ങുന്നതല്ല ഈ തട്ടിപ്പ്. സർക്കാരിന്‍റെ വ്യാജ സീലുകൾ ഉപയോഗിച്ചത്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ പങ്കാളിത്തം ഉൾപ്പെടെ കേരളത്തിൽ അന്വേഷിക്കേണ്ട നിരവധി ഗുരുതര വിഷയങ്ങൾ ബാക്കി നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നിലപാട്.

സ്വപ്നയും സന്ദീപും പിടിയിലായത് കോറമംഗലയിലെ ഹോട്ടലില്‍ വെച്ച്; ഇന്ന് കേരളത്തില്‍ എത്തിക്കും
Also Read

സ്വപ്നയും സന്ദീപും പിടിയിലായത് കോറമംഗലയിലെ ഹോട്ടലില്‍ വെച്ച്; ഇന്ന് കേരളത്തില്‍ എത്തിക്കും

ട്രിപ്പിൾ ലോക് ഡൗണിനിടെ ബംഗളുരുവിലേക്ക് കടക്കാൻ സ്വപ്നയെ കേരള പൊലീസ് സഹായിച്ചെന്നാനാണ് പ്രതിപക്ഷം കരുതുന്നത്. അതിനാൽ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം തുടരും. എന്നാൽ ജനബാഹുല്യമുള്ള കോവിഡ് മാനദണ്ഡം പാലിക്കാതെയുള്ള സമരം യുഡിഎഫ് ഒഴിവാക്കും. കോവിഡ് വ്യാപനവും സമരങ്ങൾക്കെതിരായ സർക്കാർ പ്രചരണവും കണക്കിലെടുത്താണ് നിലപാട് മാറ്റം. നാളെ നടക്കുന്ന യുഡിഎഫ് യോഗം തുടർ പ്രക്ഷോഭത്തിനും സമര രീതിക്കും രൂപം നൽകും.