LiveTV

Live

Kerala

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന; രണ്ട് ഫ്ലാറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

ഇന്നലെയും ഇന്നുമായി രണ്ട് തവണയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പരിശോധനയോട് പ്രതികരിക്കാന്‍ ശിവശങ്കര്‍ തയ്യാറായില്ല.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ  ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന; രണ്ട് ഫ്ലാറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ പരിശോധന നടത്തി.ഇന്നലെയും ഇന്നുമായി രണ്ട് തവണയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പരിശോധനയോട് പ്രതികരിക്കാന്‍ ശിവശങ്കര്‍ തയ്യാറായില്ല. സ്വര്‍ണക്കടത്ത് പ്രതികള്‍ ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. കേസില്‍ പ്രതികളായ സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴി കസ്റ്റംസ് രേഖപ്പെടുത്തും.

സെക്രട്ടറിയേറ്റിന് സമീപമുള്ള ഹെദര്‍ ടവറിലെ ശിവശങ്കര്‍ ഉപയോഗിക്കുന്ന 6- F ഫ്ലാറ്റാണ് കസ്റ്റംസ് ഇന്നലെ ഉച്ചയോടെ തുറന്നു പരിശോധിച്ചത്. ഇന്ന് രാവിലെ വീണ്ടും ഇവിടെയെത്തിയ സംഘം ഫ്ലാറ്റിലെ കെയര്‍ടേക്കറെയും സുരക്ഷാജീവനക്കാരനെയും മൊഴിയെടുക്കാന്‍ കൂട്ടിക്കൊണ്ടുപോയി. സന്ദര്‍ശക രജിസ്റ്ററും പിടിച്ചെടുത്തു.

പ്രതികളായ സ്വപ്നയും സന്ദീപും സരിത്തും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് ഈ ഫ്ലാറ്റ് ഉപയോഗിച്ചെന്ന സംശയം കസ്റ്റംസിനുണ്ട്. ശിവശങ്കറുമായുള്ള അടുത്ത ബന്ധമാണ് ഈ സംശയത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പരിശോധന. തുടര്‍നടപടിയെന്ന നിലയില്‍ ശിവശങ്കറെ ചോദ്യം ചെയ്തേക്കും. പൂജപ്പുരയില്‍ സ്വന്തമായി വീടുള്ള ശിവശങ്കര്‍ ഈ മാസം ആറ് വരെ ഫ്ലാറ്റ് ഉപയോഗിച്ചിരുന്നതായാണ് വിവരം. ശിവശങ്കറിനെ വൈകാതെ ചോദ്യം ചെയ്തേക്കും.

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ശിവശങ്കരന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് ആദ്യ പരിശോധന നടത്തിയത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപമുള്ള ഹെദര്‍ ടവര്‍ എന്ന ഫ്ലാറ്റിലായിരുന്നു പരിശോധന. 6-എഫ് എന്ന ഫ്ലാറ്റിലായിരുന്നു പരിശോധന. ഇന്നലെ ഒന്നരമണിക്കൂറോളം കസ്റ്റംസ് അധികൃതര്‍ ഈ ഫ്ലാറ്റില്‍ തെരച്ചില്‍ നടത്തി. ഇന്ന് രാവിലെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ ഫ്ലാറ്റില്‍ വന്ന് പരിശോധന നടത്തിയെന്നാണ് സെക്യൂരിറ്റിക്കാരനില്‍ നിന്ന് മനസ്സിലാക്കുന്നത്. കസ്റ്റംസിന്‍റെ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇവിടെ പരിശോധന നടത്തിയത്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കേസിനെക്കുറിച്ച് പരാമർശിക്കാതെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന ഒരു വരി പ്രസ്താവനയും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയിരുന്നു. നടപടിക്ക് പിന്നാലെ ശിവശങ്കർ 6 മാസത്തെ അവധിക്ക് അപേക്ഷ നൽകി.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ കസ്റ്റംസിന് മൊഴി നല്‍കിയ സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചു. നേരത്തെ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴി മാറ്റാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. അതേസമയം, സ്വപ്നയെയും സന്ദീപിനെയും ഇനിയും പിടികൂടാനായിട്ടില്ല. കേസില്‍ ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ വിമാനത്താവളങ്ങളിൽ അഞ്ച് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത സ്വര്‍ണക്കടത്തുകള്‍ സംബന്ധിച്ച വിവരങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്...