LiveTV

Live

Kerala

'സ്വപ്ന സുരേഷ് എന്‍റെ മരുമകളല്ല'; സൈബർ സഖാക്കളുടെ പ്രചാരണം തെറ്റെന്ന് തമ്പാനൂര്‍ രവി

വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് തമ്പാനൂര്‍ രവി

'സ്വപ്ന സുരേഷ് എന്‍റെ മരുമകളല്ല'; സൈബർ സഖാക്കളുടെ പ്രചാരണം തെറ്റെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്‍റെ മരുമകൾ ആണെന്ന തരത്തിലുള്ള സൈബർ സഖാക്കളുടെ പ്രചാരണം തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി‌. സ്വപ്ന സുരേഷ് എന്ന സ്ത്രീയെ തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണ്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകുമെന്നും തമ്പാനൂര്‍ രവി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കോണ്സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം...

Posted by Thampanoor Ravi on Monday, July 6, 2020

ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഭക്ഷണ സാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നക്കും പങ്കുണ്ടെന്ന സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഇവര്‍ക്കായുള്ള തിരച്ചിലിലാണ്.

തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിന്നാലെ, സ്വപ്നയുടെ ഉന്നതതല ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോഴുള്ള ഭരണ, പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഐടി സെക്രട്ടറിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ സ്വപ്ന തമ്പാനൂർ രവിയുടെ മരുമകളാണ് എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായി. ഇതിന് പിന്നാലെയാണ് പ്രചാരണം തെറ്റാണെന്ന് തമ്പാനൂര്‍ രവി വ്യക്തമാക്കിയത്.