LiveTV

Live

Kerala

സ്വപ്‌ന സുരേഷിനെ പരിചയമുണ്ട്, സ്വര്‍ണക്കടത്ത് പ്രതീക്ഷിച്ചില്ലെന്നും പി ശ്രീരാമകൃഷ്ണന്‍

സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സ്വപ്‌ന സുരേഷിനെ പരിചയമുണ്ട്, സ്വര്‍ണക്കടത്ത് പ്രതീക്ഷിച്ചില്ലെന്നും പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍ പ്രതിനിധികളെ ആഘോഷച്ചടങ്ങുകള്‍ക്കും മറ്റും ക്ഷണിക്കുന്നത് അവരാണ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളി ഉദ്യോഗസ്ഥ എന്ന നിലയില്‍ അവരുമായി ഇടപെട്ടിരുന്നു. അങ്ങനെയാണ് അവരുമായി പരിചയമെന്നും സ്വപ്ന സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് അവര്‍ തന്നെ ക്ഷണിച്ചിരുന്നു. അവരുടെ ബന്ധുവിന്റെ കട എന്നു പറഞ്ഞാണ് ക്ഷണിച്ചത്. വളരെ നിര്‍ബന്ധിച്ചപ്പോഴാണ് ഉദ്ഘാടനച്ചടങ്ങിന് പോയത്. ഇതിന് ഇപ്പോഴത്തെ സംഭവവുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യുക്തിരഹിതമാണെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.