LiveTV

Live

Kerala

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്ത ക്രഷറിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത്

ലൈസന്‍സിനായി ഇതുവരെ പഞ്ചായത്തിനെയോ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെയോ സമീപിച്ചിട്ടില്ല

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്ത ക്രഷറിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത്

ഇടുക്കി ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്ത ക്രഷറിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത്. ലൈസന്‍സിനായി ഇതുവരെ പഞ്ചായത്തിനെയോ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെയോ സമീപിച്ചിട്ടില്ല. കോതമംഗലം തണ്ണിക്കോട്ട് ഗ്രൂപ്പാണ് ചതുരംഗപ്പാറയില്‍ ക്രഷര്‍ ആരംഭിച്ചത്.

ജൂണ്‍ 28നാണ് വൈദ്യുതി മന്ത്രി എം.എം മണി ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ ക്രഷര്‍ ഉദ്ഘാടനം ചെയ്‍തത്. എന്നാല്‍ ഇതുവരെ ക്രഷറിന്‍റെ ഉടമകള്‍ ലൈസന്‍സിനായി സമീപിച്ചിട്ടില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. മൈനിങ് ആന്‍ ജിയോളജി വകുപ്പിനും ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. പത്രം പരസ്യം കണ്ടതിനെത്തുടര്‍ന്ന് ഉടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു.

അനുവദിച്ചതില്‍ കൂടുതല്‍ പാറ പൊട്ടിച്ചതിനാല്‍ രണ്ട് വര്‍ഷം മുന്‍പ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ പാറമടയാണ് ചതുരംഗപ്പാറയിലേത്. ഇതേ പാറമടയിലാണ് കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ണിക്കോട്ട് ഗ്രൂപ്പ് ക്രഷര്‍ ആരംഭിച്ചിരിക്കുന്നത്. ക്രഷറിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നിശാപാര്‍ട്ടി വിവാദമായിരുന്നു. കേസില്‍ ആറ് പേരെ ഇന്നലെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ക്രഷറിന്‍റെ ഉടമ റോയ് കുര്യന്‍ അടക്കം 47 പേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.