LiveTV

Live

Kerala

സ്വർണക്കടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ

രാജ്യത്തെ നിലനിൽക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള നീക്കമാണ് നടന്നിരിക്കുന്നത്

സ്വർണക്കടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ

സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡൽഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോ​ഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്.‌

രാജ്യത്തെ നിലനിൽക്കുന്ന നിയമസംവിധാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നയതന്ത്ര വഴിയിലൂടെയാണ് തട്ടിപ്പിനുള്ള നീക്കം നടന്നിരിക്കുന്നത്. യു.എ.ഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വർണക്കടത്ത് പ്രതികൾ ശ്രമിച്ചിരിക്കുന്നത്.

സംഭവത്തിലെ കുറ്റവാളികളെ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും സമ​ഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എംബസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ഏജൻസിയുമായി എല്ലാ തരത്തിലുള്ള സഹകരണവും യു.എ.ഇ വാ​ഗ്ദാനം ചെയ്തു.

അതിനിടെ സ്വര്‍ണക്കടത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ല, സർക്കാരിനുവേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല. സർക്കാരിന് ഈ ഇടപാടിൽ യതൊരു ഉത്തരവാദിത്തവുമില്ല. സ്വർണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദ വനിതക്ക് ഓഫിസുമായി ബന്ധമില്ല, ശിവശങ്കറിനെ മാറ്റിയത് ആരോപണം ഉയര്‍ന്നതിനാല്‍; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം
Also Read

വിവാദ വനിതക്ക് ഓഫിസുമായി ബന്ധമില്ല, ശിവശങ്കറിനെ മാറ്റിയത് ആരോപണം ഉയര്‍ന്നതിനാല്‍; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോൺസുലേറ്റിനേറ്റ കളങ്കം കഴുകി കളയാൻ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം ഉതകുമെന്ന് യു.എ.ഇക്ക് പ്രതീക്ഷ. ഇന്ത്യൻ ഏജൻസികൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ദുബൈയിലും മറ്റും സ്വന്തം നിലക്കു കൂടി അന്വേഷണത്തിന് യു.എ.ഇ തുടക്കം കുറിച്ചതായാണ് സൂചന.

തിരുവനന്തപുരം കോൺസുലേറ്റിലേക്ക് ദുബൈയിൽ നിന്ന് ഡിപ്ലോമാറ്റിക് ചാനൽ മുഖേന സ്വർണം കടത്തിയ വാർത്ത യു.എ.ഇയെയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് തന്നെ കോട്ടം വരുത്തിയ സംഭവത്തിൽ ആരും തന്നെ രക്ഷപ്പെടരുത് എന്ന ഉറച്ച നിലപാടിലാണ് യു.എ.ഇ. അറസ്റ്റിലായ കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത്തിനു പുറമെ കോൺസുലേറ്റിലെ നിലവിലെ ജീവനക്കാരിൽ ആരുടെയെങ്കിലും ഒത്താശ കടത്തിന് പിന്നിൽ ഉണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിൽ വരും. ദുബൈയിൽ നിന്ന് നിയമവിരുദ്ധമായി സ്വർണം കടത്താൻ കൂട്ടുനിന്നവരും കുടുങ്ങും.

ഇന്ത്യ നടത്തുന്ന അന്വേഷണം കുറ്റക്കാരെ നിയമത്തിനു മുമ്പാകെ കൊണ്ടു വരാൻ പര്യാപ്തമാകുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്മദ് അൽ ബന്ന അറിയിച്ചു. അതിലൂടെ കോൺസുലേറ്റിനേറ്റ കളങ്കം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ തെളിവുകളും കൈമാറാനും യു.എ.ഇ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരുകൂട്ടരും നടത്തുന്ന അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന ആവശ്യവും യു.എ.ഇ മുന്നോട്ടു വെച്ചതായാണ് വിവരം.