LiveTV

Live

Kerala

സംസ്ഥാനത്ത് ഗുരുതര സാഹചര്യം; അശ്രദ്ധ കാണിച്ചാല്‍ ഏതു നിമിഷവും സൂപ്പര്‍ സ്‌പ്രെഡും സമൂഹവ്യാപനവും ഉണ്ടായേക്കാം

സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കം വഴി 68 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഗുരുതര സാഹചര്യം;  അശ്രദ്ധ കാണിച്ചാല്‍ ഏതു നിമിഷവും സൂപ്പര്‍ സ്‌പ്രെഡും സമൂഹവ്യാപനവും ഉണ്ടായേക്കാം

സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അശ്രദ്ധ കാണിച്ചാല്‍ സംസ്ഥാനത്ത് ഏതു നിമിഷവും കോവിഡ് 19-ന്റെ സൂപ്പര്‍ സ്‌പ്രെഡ്ഡും തുടര്‍ന്ന് സമൂഹ വ്യാപനവും ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല.

സമ്പര്‍ക്കം വഴി 68 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15 എണ്ണം ഉറവിടം അറിയാത്ത കേസുകളാണ്. രോഗം ബാധിച്ചവരുടെ എണ്ണവും ഇന്ന് ഏറ്റവും കൂടുതലാണ്. 272 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറെക്കൂടി ഗൗരവമായി കാര്യങ്ങള്‍ കാണേണ്ടതായിട്ടുണ്ട്, ഇപ്പോഴുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും ശക്തിപ്പെടുത്തി മാത്രമെ ഇതിനെ നേരിടാന്‍ കഴിയൂ, സമ്പര്‍ക്ക വ്യാപനം രോഗിയുമായി പാലിക്കേണ്ട എല്ലാ കാര്യങ്ങളും പാലിക്കണം, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആശങ്ക സൃഷ്ടിക്കുന്നതാണ് ഇത്. അതിനാല്‍ അവിടെ ടെസ്റ്റ് കൂട്ടാനാണ് തീരുമാനം. ബ്രേക്ക് ദി ചെയന്‍, സാമൂഹിക അകലം പാലിക്കല്‍, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകല്‍ എന്നീ കാര്യങ്ങളില്‍ ഉപേക്ഷ പാടില്ല. അതീവ ശ്രദ്ധ പുലര്‍ത്തിയാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലുള്ളവ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാം.

കേരളത്തിന് പുറത്തുനിന്ന് തിരിച്ചെത്തി ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ വയനാട് ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അറിയിപ്പൊന്നും നല്‍കാതെ മിന്നല്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. നല്ല മാതൃകയാണിത്. ഇതേ മാതൃകയില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തും.

വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ പിപിഇ കിറ്റും, കൈയ്യുറയും, മാസ്‌കും അലക്ഷ്യമായി വലിച്ചെറിയുന്നത് ശരിയല്ല. അത്തരക്കാര്‍ക്കെതികെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ഉപയോഗിച്ചശേഷം അവയെല്ലാം പ്രത്യേക കണ്ടെയ്‌നറുകളില്‍ നിക്ഷേപിക്കണം.

അര്‍ദ്ധ സൈനിക വിഭാഗക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് സര്‍ക്കാര്‍ ഉത്കണ്ഠയോടെയാണ് കാണുന്നത്. സംസ്ഥാനത്ത് ഇതുവരെ 66 സിഐഎസ്എഫ് ജവാന്മാര്‍ക്കും കരസേനയിലെ 23 സൈനികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അതത് വിഭാഗങ്ങളില്‍പ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സഹായവും കേരള പോലീസ് നല്‍കും.

ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേർ വന്നു. 62.88 ശതമാനം പേർ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരിൽ 65 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നുമാണ്. തിരിച്ചു വന്നവരിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്. ഏറ്റവും കുറവ് വന്നത് വയനാട്ടിൽ, 12,652 പേർ. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പേർ വന്നത് തമിഴ്നാട്ടിൽ നിന്ന് 97,570 പേർ വന്നു. 88,031 പേർ കർണാടകയിൽ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. യു.എ.ഇയിൽ നിന്ന് 89,749 പേർ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.