LiveTV

Live

Kerala

ട്രിപ്പിള്‍ ലോക്ഡൌണ്‍: തിരുവനന്തപുരം നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു

സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. മുഖ്യമന്ത്രി വീട്ടിലിരുന്ന് ജോലി ചെയ്യും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി

ട്രിപ്പിള്‍ ലോക്ഡൌണ്‍: തിരുവനന്തപുരം നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു

തിരുവനന്തപുരം നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം. ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22 പേർക്ക്. ഇതിൽ 14 പേരുടെയും രോഗ ഉറവിടമറിയില്ല.

എന്തിനെയാണോ നഗരം ഭയന്നത് അത് സംഭവിക്കുകയാണ്. സമൂഹവ്യാപനത്തിന്‍റെ തൊട്ടടുത്തെത്തിയിരിക്കുകയാണ് തലസ്ഥാന നഗരം. സംസ്ഥാനത്താദ്യമായി ഒരു ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. 22 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ തിരുവനന്തപുരത്ത് രോഗമുണ്ടായത്. ഇതിൽ 14 പേരുടെയും രോഗ ഉറവിടം അവ്യക്തമാണ്.

നഗരസഭക്ക് കീഴിലെ പൂന്തുറ വാർഡിൽ 7 പേർക്കും മണക്കാട് 5 പേർക്കും രോഗബാധയുണ്ടായി. തൊട്ടടുത്ത വാർഡുകളായ കമലേശ്വരം, ആറ്റുകാൽ, വള്ളക്കടവ് എന്നിവിടങ്ങളിലും ഓരോ രോഗി വീതം. ഒട്ടും പ്രതീക്ഷിക്കാത്ത ചെമ്പഴന്തി വാർഡിലും 29 കാരിക്ക് രോഗം വന്നു. യാത്രാ പശ്ചാത്തലമുണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 വയസ്സുള്ള കുഞ്ഞും 8 വയസുകാരിയും ഉൾപ്പെടും. ഇവരുടെയെല്ലാം സമ്പർക്കപ്പട്ടിക തയ്യാറാക്കുക ആരോഗ്യ വകുപ്പിന് വെല്ലുവിളിയാണ്.

ട്രിപ്പിള്‍ ലോക്ഡൌണ്‍: തിരുവനന്തപുരം നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൌണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു. സെക്രട്ടറിയേറ്റ് ഉള്‍പ്പടെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. മെഡിക്കല്‍ സ്റ്റോറും അവശ്യസാധനങ്ങളുടെ കടകളും മാത്രം പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനും തീരുമാനം.

ഇന്ന് രാവിലെ 6 മുതലാണ് ട്രിപ്പിള്‍ ‍ലോക്ഡൌണ്‍ പ്രാബല്യത്തില്‍ വരുന്നത്. പൊലീസ്, പ്രതിരോധ സ്ഥാപനങ്ങള്‍, റവന്യു ഓഫീസുകള്‍, നഗരസഭ ഓഫീസുകള്‍, ഒഴികെ ഒരു സര്‍ക്കാര്‍ ഓഫീസും പ്രവര്‍ത്തിക്കില്ല. സെക്രട്ടറിയേറ്റും അടക്കുന്നതിനാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൌസിലിരുന്നാകും പ്രവര്‍ത്തിക്കുക. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇളവുണ്ട്. മെഡിക്കൽ അടിയന്തര സേവനങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ, മറ്റ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ രാവിലെ ഏഴുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. എന്നാൽ ഈ സേവനങ്ങൾക്കായി ജനങ്ങള്‍ പുറത്തുപോകരുത്. ജില്ലാഭരണകൂടം നിശ്ചയിച്ച ഫോണ്‍ നമ്പരുകളില്‍ വിളിച്ചാല്‍ അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കും.

കോർപ്പറേഷൻ പരിധിക്കു പുറത്ത് നിലവിലുള്ള കണ്ടെയിൻമെന്‍റ് സോണുകൾ അതുപോലെത്തന്നെ തുടരും. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടക്കും. ഒരു പ്രവേശന കവാടത്തില്‍ പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തും.