LiveTV

Live

Kerala

തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പുനഃക്രമീകരിക്കണം: സര്‍ക്കാര്‍ ഉത്തരവ് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കും

കേന്ദ്രം അനുവദിച്ച അധിക തുകയുടെ ഗുണം, ഫലത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിക്കില്ല.

തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പുനഃക്രമീകരിക്കണം: സര്‍ക്കാര്‍ ഉത്തരവ് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കും

തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.. സ്പില്‍ ഓവര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതി പരിഷ്കരിക്കാനാണ് ജൂലായ് ഒന്നിനുള്ള ഉത്തരവില്‍ പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങൾ.

ജൂലായ് 10നകം തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പുതുക്കി സമര്‍പ്പിക്കണമെന്നാണ് ജൂലായ് ഒന്നിനിറങ്ങിയ ഉത്തരവ്. ഏപ്രിലില്‍ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി സമര്‍പ്പിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി പുതുക്കാനുള്ള നിര്‍ദ്ദേശം. ഇത് നിലവില്‍ തുടങ്ങി വെച്ച പദ്ധതികള്‍ പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാക്കും.

കേന്ദ്രധനകാര്യകമ്മീഷന്‍ 448 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികമായി അനുവദിച്ചിരുന്നു. എന്നാല്‍ പ്രത്യേക ഉത്തരവിലൂടെ സംസ്ഥാന സര്‍ക്കാറിന്‍റെ പദ്ധതി വിഹിതം വെട്ടിക്കുറച്ചു. ഇതോടെ കേന്ദ്രം അനുവദിച്ച അധിക തുകയുടെ ഗുണം, ഫലത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിക്കില്ല. കേന്ദ്ര ഫണ്ട് വിനിയോഗിക്കാന്‍ പ്രത്യേക മാനദണ്ഡം കൂടി നിശ്ചയിച്ചതോടെ അടിസ്ഥാനവികസനത്തിനും തിരിച്ചടിയാകും.