LiveTV

Live

Kerala

മഞ്ചേരിയില്‍ മരിച്ചയാള്‍ക്ക് കോവിഡ്; സംസ്ഥാനത്ത് കോവിഡ് മരണം 26 ആയി

മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. 82 വയസ്സായിരുന്നു.

മഞ്ചേരിയില്‍ മരിച്ചയാള്‍ക്ക് കോവിഡ്; സംസ്ഥാനത്ത് കോവിഡ് മരണം 26 ആയി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. റിയാദിൽ നിന്നെത്തിയ 82കാരൻ മഞ്ചേരി മെഡിക്കൽ കോളജിലാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26ഉം മലപ്പുറം ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചും ആയി.

റിയാദിൽ നിന്നും ജൂൺ 29ന് ഭാര്യക്കൊപ്പം തിരിച്ചെത്തിയ ചോക്കാട് മാളിയേക്കലിലെ മൂക്കുമ്മൽ മുഹമ്മദ് ഹാജി ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ക്വാറന്‍റീനില്‍ കഴിഞ്ഞ 82കാരനെ പനിയെ തുടർന്ന് ജൂലൈ 1ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ കണ്ടെത്തിയതോടെ 3ആം തീയതി ഐസിയുവിലേക്കും സ്ഥിതി ഗുരുതരമായതോടെ വെന്‍റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്നു മരണമെങ്കിലും ഇന്ന് ശ്രവ പരിശോധനാ ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

2019 മുതൽ അർബുദത്തിന് ചികിത്സയിലായിരുന്നു. വർധക്യ സഹജമായ മറ്റു രോഗങ്ങൾക്കും ചികിത്സ തേടുന്ന വ്യക്തിയാണ്. ഫെബ്രുവരിയിലാണ് ഭാര്യയുമൊത്ത് സന്ദർശന വിസയിൽ സൗദിയിലെ മക്കളുടെ അടുത്ത് എത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ച് വരവ് വൈകുകയായിരുന്നു. മരിച്ച മുഹമ്മദ് ഹാജിക്ക് ആശുപത്രിയിൽ നിന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും അധികൃതരുടെ ഭാഗത്ത്‌ നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നും വണ്ടൂർ എംഎല്‍എ എ പി അനിൽകുമാർ ആരോപിച്ചു.

അതേസമയം മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ട്രിപ്പിള്‍ ലോക്‌ഡൌൺ തുടരുകയാണ്. മേഖലയിൽ രോഗവ്യാപനം ഉണ്ടായോ എന്ന് കണ്ടെത്തുന്നതിനുള്ള ആന്റിജൻ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. താനൂർ നഗരസഭാ പരിധിയിലും ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്.