LiveTV

Live

Kerala

ബേപ്പൂർ സുൽത്താൻ വിട പറഞ്ഞിട്ട് 26 വർഷം

കോവിഡ് കാലമായതില്‍ വൈലാലില്‍ വീട്ടില്‍ ഇത്തവണ പതിവ്അനുസ്മരണ പരിപാടികളില്ല.

ബേപ്പൂർ സുൽത്താൻ വിട പറഞ്ഞിട്ട് 26 വർഷം

മലയാളസാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് ഇന്ന് 26 വര്‍ഷം. സ്മരണകളുറങ്ങുന്ന വൈലാലില്‍ വീട്ടില്‍ എത്തിയാല്‍ മതി കാലത്തിന് അതീതനായി സഞ്ചരിക്കുന്ന ഇമ്മിണി ബല്യ എഴുത്തുകാരനെ അനുഭവിച്ചറിയാം. കോവിഡ് കാലമായതില്‍ വൈലാലില്‍ വീട്ടില്‍ ഇത്തവണ പതിവ്അനുസ്മരണ പരിപാടികളില്ല. വൈലാലിലേക്ക് കയറുമ്പോഴേ നാട്ടുമണമുള്ള കഥാപാത്രങ്ങള്‍ ഓടികയറും മനസ്സിലേക്ക്. അത്രയേറെ കെട്ടുപിണഞ്ഞ് കിടക്കുന്നുണ്ട് നമ്മളോരുരുത്തരും ബഷീര്‍ കഥാപാത്രങ്ങളുമായി.

വൈലാലിന്റെ മുറ്റത്ത് ചാരുകസേരയിട്ട് പാട്ടുകേട്ട് ബഷീറിരിക്കും. എഴുത്തിനപ്പുറം ചര്‍ച്ചകള്‍ക്കുള്ള വേദിയാണിവിടം. കാണാനെത്തുന്നവരുമൊത്ത് കുശലം പറഞ്ഞ് പകല് രാവാക്കിയ ഇടം. മകന്‍ അനീസ് ബഷീറിന്‍റെ ഓര്‍മ്മയിലുണ്ട് അത്തരം ചില നിമിഷങ്ങള്‍.

വീടിനകത്ത് കയറിയാല്‍ നമുക്ക് ബഷീറിനെ തൊട്ടറിയാം. ചെറിയ ചെറിയ വാക്കുകളിലൂടെ, പച്ചയായ ജീവിതം പറഞ്ഞ ബഷീറിയന്‍ സാഹിത്യത്തിന്‍റെ സ്മാരകം. പാട്ടുപ്പെട്ടിയും, കണ്ണടയും ചാരുകസേരയും പുരസ്കാരങ്ങളുമെല്ലാം നിറഞ്ഞ മുറി. ബഷീര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കടന്ന് ചെല്ലുന്ന എഴുത്തിന്‍റെ വഴിയില്‍. പാത്തുമ്മയുടെ ആടും മജീദും സുഹറയും നാരായണിയും പൊന്‍കുരിശ്തോമായുമൊന്നും മതിലുകള്‍ക്കപ്പുറമായിട്ടില്ല ഒരു കാലത്തും..