LiveTV

Live

Kerala

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്ക് പീപ്പിൾസ് ഫൗണ്ടേഷനിലൂടെ പുതുജീവിതം

പീപ്പിൾസ് ഫൗണ്ടേഷന്‍റെ പ്രളയാനന്തര പുനർ നിർമാണ പദ്ധതിയിലെ നിലമ്പൂർ പീപ്പിൾസ് വില്ലേജ്‌ ഗുണഭോക്താക്കൾക്ക് കൈമാറി

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്ക് പീപ്പിൾസ് ഫൗണ്ടേഷനിലൂടെ പുതുജീവിതം

മലപ്പുറം നിലമ്പൂരിലെ ആ പന്ത്രണ്ട് കുടുംബങ്ങളും തങ്ങളുടെ സ്വപ്ന വീടുകളിൽ താമസമാരംഭിച്ചു . പീപ്പിൾസ് ഫൗണ്ടേഷന്‍റെ പ്രളയാനന്തര പുനർ നിർമാണ പദ്ധതിയിലെ നിലമ്പൂർ പീപ്പിൾസ് വില്ലേജ്‌ ഗുണഭോക്താക്കൾക്ക് കൈമാറി. കോവിഡ് മാനദണ്ഡങ്ങളോടെ നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.

12 കുടുംബങ്ങളുടെ കഷ്ടപ്പാടിനും ദുരിതത്തിനുമാണ് കഴിഞ്ഞ ദിവസം അറുതിയായത് . 2018 ലെ പ്രളയ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടിട്ടും സർക്കാർ സഹായങ്ങൾ ലഭിക്കാത്ത ആ കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷനിലൂടെ പുതുജീവിതം . പീപ്പിൾസ് ഫൌണ്ടേഷൻ പ്രഖ്യാപിച്ച നിരവധി പ്രളയാനന്തര പദ്ധതികളിലൊന്നായിരുന്നു നിലമ്പൂർ പീപ്പിൾസ് വില്ലേജ്‌ . കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള ആ ഗ്രാമം സമയബന്ധിതമായി പൂർത്തിയാക്കിയാണ് അർഹതപെട്ടവരെ പുനരധിവസിപ്പിച്ചത്. 2018 ലെ പ്രളയ ദുരന്തത്തെ അതിജീവിക്കാൻ 25 കോടി രൂപ സുമനസ്സുകളുടെ സഹകരണത്തോടെ സമാഹരിക്കാനായെന്നും അത് ഭംഗിയായി ചെലവഴിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു .

ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷന്‍റെ മാതൃക നാടിനാകെ മാതൃകയാണെന്ന് വീഡിയോ കോൺഫെറെൻസിലൂടെ സദസ്സിനെ അഭിസംബോധന ചെയ്ത മുഖ്യാതിഥികളായ മന്ത്രി കടകംപള്ളി സുരേന്ദ്രനും കെ.കൃഷ്ണൻ കുട്ടിയും പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റന്‍റ് അമീർ മുഹമ്മദ് സലിം എഞ്ചിനീയർ വീഡിയോ കോൺഫറൻസിലൂടെ മുഖ്യപ്രഭാഷണം നടത്തി .

പീപ്പിൾസ് ഫൌണ്ടേഷൻ ചെയര്‍മാൻ എം കെ മുഹമ്മദലി . പി.വി അബ്ദുൽ വഹാബ് എം.പി ,പി.വി അൻവർ എം.എൽ.എ ,ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്‍റ് അമീർ പി.മുജീബ് റഹ്‌മാൻ തുടങ്ങിയർ നേരിട്ടും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ,ഗായിക കെ.എസ് ചിത്ര ,മജീഷ്യൻ ഗോപിനാഥ് മുതുകാട് ,പാണക്കാട് മുനവ്വറലി തങ്ങൾ തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴിയും പീപ്പിൾസ് വില്ലേജ് സമർപ്പണ ചടങ്ങിൽ പങ്കെടുത്തു .