LiveTV

Live

Kerala

വിവാഹനിശ്ചയ ദിവസം അപകടം; രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെടലിനെയും രക്ഷാദൗത്യത്തെയും തൊടുപ്പുഴ കെ.എസ്.ആര്‍.ടി.സി അഭിനന്ദിച്ചു.

വിവാഹനിശ്ചയ ദിവസം അപകടം;  രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

വിവാഹനിശ്ചയ ദിവസമാണ് പാലാ സ്വദേശി ബാബു അഗസ്റ്റിനും മകളുമടങ്ങുന്ന അഞ്ചംഗ കുടുംബം കുളമാവ് വഴി യാത്ര ചെയ്യുന്നത്. വളഞ്ഞു പുളഞ്ഞ പരിചിതമല്ലാത്ത വഴിയിലൂടെയുള്ള യാത്ര അല്‍പ്പം സാഹസം നിറഞ്ഞതായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിനെയും മറികടന്നുള്ള നല്ല യാത്ര പക്ഷേ അധികം നീണ്ടുനിന്നില്ല. മഴയും മഞ്ഞും അവരുടെ യാത്രയെ കീഴ്മേല്‍ മറിച്ചു. റോഡില്‍ തെഞ്ഞി മറിഞ്ഞ ബാബുവിന്‍റെ മഹീന്ദ്ര സൈലോ കാര്‍ ഓരം പറ്റി യാത്രക്ക് അപ്രതീക്ഷിത ബ്രേക്കിട്ടു. വലിയ അപകടം തന്നെ സംഭവിച്ച കുടുംബത്തെ രക്ഷിക്കാന്‍ പക്ഷേ കൂടിയ ആളുകളൊന്നും തയ്യാറായില്ല.

'ആനക്കാട്ടില്‍' രക്ഷകനായി ആനവണ്ടി:

റോഡില്‍ ചോരയില്‍ കുളിച്ചുകിടന്ന ബാബു അഗസ്റ്റിനെയും കുടെയുള്ള കുടുംബത്തെയും കാറ് തകര്‍ത്ത് രക്ഷിക്കാന്‍ അവരുടെ തൊട്ടുപിന്നിലുണ്ടായിരുന്ന തൊടുപ്പുഴ ഡിപ്പോയിലെ കട്ടപ്പനയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്കിട്ടു. കോവിഡ് ഭീതി കാരണം യാത്രക്കാരാരും സഹായത്തിനില്ലാത്ത സമയത്താണ് ഡ്രൈവര്‍ ടി.എസ് അബ്ദുല്‍ ലത്തീഫ്, കണ്ടക്ടര്‍ വി.എസ് ബഷീര്‍ എന്നിവര്‍ ഒരു നിമിഷം പോലും ആലോചിച്ചു നില്‍ക്കാതെ ഇവരുടെ രക്ഷക്കെത്തിയത്. അച്ഛനൊഴിച്ച് എല്ലാവരും സംഭവ സമയത്ത് ബോധം കെട്ട് കിടക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ ലത്തീഫ് പറയുന്നു. കാറിന്‍റെ ടയര്‍ അടക്കം പൊട്ടിപൊളിഞ്ഞ അപകടത്തില്‍ അകത്തുണ്ടായിരുന്ന അഞ്ച് പേരെ ഉടന്‍ തന്നെ എടുത്ത് കെ.എസ്.ആര്‍.ടി.സി ബസിനകത്തെ സീറ്റിനകത്ത് കിടത്തി. കാറിലെ ഒരു പെണ്‍കുട്ടിയുടെ തോളെല്ല് കാറില്‍ നിന്നും എടുക്കുന്ന സമയം ഒടിഞ്ഞുപോയിരുന്നതായും ഡ്രൈവര്‍ ലത്തീഫ് പറഞ്ഞു. ഇവര്‍ ആശുപത്രിയില്‍ എത്തിക്കും വരെ കരച്ചിലായിരുന്നുവെന്നും ലത്തീഫ് പറയുന്നു. ഉടന്‍ തന്നെ ചെറുതോണി മെഡിക്കല്‍ കോളേജ് ലക്ഷ്യമാക്കി കുതിച്ച ബസ് എല്ലാവരെയും ആശുപത്രിയില്‍ കൃത്യസമയത്ത് തന്നെ എത്തിച്ചു. സ്ട്രെക്ചറില്‍ എല്ലാവരെയും പരിശോധനകള്‍ക്കായി ആശുപത്രിക്കകത്തേക്കും ഇവരുടെ നമ്പറുമായി ബസ് ജീവനക്കാര്‍ പുറത്തേക്കും നീങ്ങി. എല്ലുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതായതിനാല്‍ ഓര്‍ത്തോ സൗകര്യങ്ങള്‍ക്ക് വേണ്ടി പിന്നീട് തൊട്ടടുത്ത തങ്കമണി കോ ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയുണ്ടായി.

ആശുപത്രിയില്‍ വെച്ച് മനസമ്മതം

വിവാഹ നിശ്ചയദിവസം നടന്ന അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നന്മയാല്‍ ജീവിതത്തിലേക്ക് തിരികെ വന്ന ബാബു അഗസ്റ്റിനും കുടുംബവും മനസമ്മതത്തിന് സമയം നീട്ടിയില്ല. വരനും സംഘവും വന്നു ഉടനെ തന്നെ ആശുപത്രിയില്‍ വെച്ച് മനസമ്മതം നടത്തി. തങ്ങളുടെ ജീവിതം തിരികെ പിടിക്കാന്‍ സഹായിച്ച ഡ്രൈവര്‍ ടി.എസ് അബ്ദുല്‍ ലത്തീഫ്, കണ്ടക്ടര്‍ വി.എസ് ബഷീര്‍ എന്നിവരോട് നന്ദിയും സന്തോഷവും പങ്കുവെച്ചാണ് ബാബു മകളുടെ വിവാഹം ഉറപ്പിച്ചത്. ദൈവമാണ് ബഷീറിനെയും ലത്തീഫിനെയും അവിടെ കൃത്യസമയത്ത് എത്തിച്ചതെന്ന് ബാബു അഗസ്റ്റിന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെടലിനെയും രക്ഷാദൗത്യത്തെയും തൊടുപ്പുഴ കെ.എസ്.ആര്‍.ടി.സി അഭിനന്ദിച്ചു.