LiveTV

Live

Kerala

അത്യാധുനിക റൺവെ ലൈറ്റിങ് സംവിധാനവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

36 കോടി രൂപ മുടക്കിയാണ് കാറ്റഗറി-3 റൺവെ ലൈറ്റിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്

അത്യാധുനിക റൺവെ ലൈറ്റിങ് സംവിധാനവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

അത്യാധുനിക റൺവെ ലൈറ്റിങ് സംവിധാനവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യിക്കാൻ സഹായിക്കുന്ന കാറ്റഗറി-3 റണ്‍വേ ലൈറ്റിങ് സംവിധാനമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. എയ്‌റോനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ് എന്ന റൺവെയിലെ വെളിച്ചവിതാനത്തിന്‍റെ ഏറ്റവും ഉയർന്ന വിഭാഗമാണ് കാറ്റഗറി-3. ദക്ഷിണേന്ത്യയിൽ ബാംഗ്ലൂർ വിമാനത്താവള റൺവേക്ക് മാത്രമാണ് ഇതുവരെ ഈ സംവിധാനമുണ്ടായിരുന്നത്. 124 കോടിയോളം രൂപമുടക്കി നടത്തിയ റൺവെ പുനരുദ്ധാരണ പദ്ധതിയ്‌ക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിങ് നവീകരണം നിർവഹിച്ചത്.

റൺവെ, ടാക്‌സി വേ, ടാക്‌സി ലിങ്കുകൾ, പാർക്കിങ് ബേ എന്നിവിടങ്ങളിലെല്ലാം ആധുനികമായ ലൈറ്റിങ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴവന്നാലും പുകമഞ്ഞുള്ളപ്പോഴും പൈലറ്റിന് റൺവേയും അനുബന്ധ പാതകളും വ്യക്തമായി കാണാൻ കഴിയും. മഴക്കാലത്തും പുകമഞ്ഞ് ഉള്ളപ്പോഴും വിമാനം, വിമാനത്താവളത്തെ സമീപിക്കുന്ന സമയം മുതൽ ലാൻഡിങ്, പാർക്കിങ് സമയം വരെ പൈലറ്റിന് ഏറ്റവും സുരക്ഷിതമായി നിയന്ത്രിക്കാൻ കാറ്റഗറി മൂന്ന് ലൈറ്റിങ് സംവിധാനം സഹായിക്കും.

റൺവെയുടെ മധ്യരേഖയിൽ 30 മീറ്റർ ഇടവിട്ടുള്ള ലൈറ്റിങ് 15 മീറ്റർ ഇടവിട്ടാക്കിയിട്ടുണ്ട്. റൺവെയുടെ അരികുകൾ, വിമാനം ലാൻഡ് ചെയ്യുന്ന ഭാഗത്തെ 900 മീറ്റർ ദൂരം, റൺവെ അവസാനിക്കുന്ന ഭാഗം, ടാക്‌സിവേ, അഞ്ച് ടാക്‌സിവേ ലിങ്കുകൾ എന്നിവയുടെ ലൈറ്റിങ് സംവിധാനം ആധുനികമാക്കി. ഇതിനായി മൊത്തം മൂന്ന് ലക്ഷം മീറ്ററോളം കേബിൾ ഇടേണ്ടിവന്നു. നിലവിലുള്ള ലൈറ്റുകൾക്ക് പുറമേ രണ്ടായിരത്തോളം ലൈറ്റുകൾ സ്ഥാപിച്ചു. ലൈറ്റിങ് സംവിധാനം തകരാറിലായാൽ ഉടൻതന്നെ സമാന്തര സംവിധാനം പ്രവർത്തിച്ചുതുടങ്ങും. പൂർണമായും കമ്പ്യൂട്ടർ നിയന്ത്രിതമാണ് സിയാൽ സ്ഥാപിച്ച കാറ്റഗറി- 3 ലൈറ്റിങ്.