LiveTV

Live

Kerala

കൊച്ചിയില്‍ സ്ഥിതി ഗൗരവം; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു

കൊച്ചിയില്‍ സ്ഥിതി ഗൗരവം; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊച്ചിയില്‍ കോവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിയന്ത്രണം കര്‍ശനമാക്കിയത്. എറണാകുളം ജില്ലാ ആശുപത്രിയില്‍ 72 പേരാണ് കോവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചിരിക്കുന്നത്.

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾ, 38 വയസുള്ള തമിഴ്നാട് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രമായി രോഗം ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി വർധിച്ചു. കൊച്ചി നഗരത്തില്‍ അതീവ ശ്രദ്ധ വേണമെന്ന് മേയര്‍ സൗമിനി ജെയിൻ വ്യക്തമാക്കി. നഗരത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

ആലുവ മാർക്കറ്റിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെ ചൊല്ലി നഗരസഭ അധികൃതരും വ്യാപാരികളും തമ്മില്‍ തര്‍ക്കം നടന്നു. മുന്നറിയിപ്പില്ലാതെ പ്രദേശത്ത് ബാരിക്കേഡ് കെട്ടിയത് ചോദ്യം ചെയ്ത് വ്യാപാരികള്‍ രംഗത്തുവന്നതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ആലുവ മാര്‍ക്കറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ നടപടിയെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ മാർക്കറ്റ് താൽക്കാലികമായി അടയ്ക്കുമെന്ന് നഗരസഭാ ചെയർ പേഴ്സണ്‍‍ ലിസി എബ്രഹാം അറിയിച്ചു.

കൊച്ചി കോര്‍പ്പറേഷന് പുറത്ത് ചെല്ലാനത്തും സ്ഥിതി ഗതികള്‍ സങ്കീര്‍ണമാണ്. ചെല്ലാനം പഞ്ചായത്തിലെ 15-ാം വാർഡും ഫിഷിംഗ് ഹാർബറും കണ്ടെയ്ൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ചെല്ലാനം ഹാർബർ അടച്ചിട്ടിരിക്കുകയാണ്. ഇവിടത്തെ ഒരു മൽസ്യ തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഹാര്‍ബര്‍ അടച്ചുപൂട്ടിയത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ചെല്ലാനത്തെ എല്ലാ വാർഡിലേയും വാർഡ്തല സമിതികൾക്കും ജാഗ്രത പാലിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളിയുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാനും നിര്‍ദ്ദേശിച്ചു.

കോവിഡ് വ്യാപനത്തെത്തുടർന്ന് കൊച്ചി നഗര കേന്ദ്രത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയുമടക്കമാണ് അടച്ചിടാന്‍ തീരുമാനിച്ചത്.