LiveTV

Live

Kerala

"രോഗികള്‍ ശത്രുക്കളല്ല, രോഗമാണ് ശത്രു"; രോഗികളെ ഒറ്റപ്പെടുത്തുന്ന പ്രവണതക്കെതിരെ മുഖ്യമന്ത്രി

കോട്ടയത്ത് ബാഗ്ലൂരില്‍നിന്നെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടിവന്നു

"രോഗികള്‍ ശത്രുക്കളല്ല, രോഗമാണ് ശത്രു"; രോഗികളെ ഒറ്റപ്പെടുത്തുന്ന പ്രവണതക്കെതിരെ മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച യശസ്സിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് നമുക്ക് ഈ മഹാമാരിയെ ഇതുവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. എന്നാല്‍ ആ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നു. അന്യദേശങ്ങളില്‍നിന്ന കഷ്ടപ്പാടുകള്‍ താണ്ടിയെത്തിയ ചിലര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നു. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടാക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്കു മാതൃകയില്‍ അകറ്റിനിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക തുടങ്ങിയ സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായി. രോഗികള്‍ ശത്രുക്കളല്ല, രോഗമാണ് ശത്രു. ഇതൊരു കാരണവശാലും മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് ബാഗ്ലൂരില്‍നിന്നെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടിവന്നു. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇത്തരം കാര്യങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുക എന്ന് ആലോചിക്കണം. ക്വാറന്റീനില്‍ കഴിഞ്ഞതിനു ശേഷം മറ്റപകടങ്ങളില്ലെന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പെരുമാറ്റങ്ങള്‍ നമ്മുടെ സമൂഹത്തിന് അപമാനകരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്തരക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമൂഹം ശ്രമിക്കണം. വിദേശത്തുനിന്ന് എത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യം ചെയ്യുകയുമാണ് നമ്മുടെ ഉത്തരവാദിത്തം. വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.