LiveTV

Live

Kerala

ഡൽഹിയിൽ കോവിഡ് ബാധിച്ച് കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 12 ആയി.

ഡൽഹിയിൽ കോവിഡ് ബാധിച്ച് കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഡൽഹിയിൽ കോവിഡ് ബാധിച്ച് കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. സിസ്റ്റർ അജയമേരി, പത്തനംതിട്ട സ്വദേശി തങ്കച്ചൻ മത്തായി എന്നിവരാണ് മരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 12 ആയി.

ഡല്‍ഹിയിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 89000 കവിഞ്ഞു. മരണം 2800ഉം കടന്നു. മൊത്തം രോഗികളുടെ 80 ശതമാനം ഇപ്പോഴും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. അതേസമയം ഡൽഹിയിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ മുന്നിലെത്തി. 66.08 ശതമാനം പേർക്കാണ് രോഗം മാറിയത്.

ഡല്‍ഹിയില്‍ കോവിഡ് സാഹചര്യങ്ങൾ മാറുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. ജൂൺ 30 കഴിയുമ്പോൾ 60000 കോവിഡ് ആക്ടീവ് കേസുകൾ പ്രതീക്ഷിച്ചെങ്കിൽ അത് 26,000 ആക്കി കുറയ്ക്കാൻ സാധിച്ചുവെന്ന് കെജ്‍രിവാൾ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. 19148 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 434 മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 17834 ആയി.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ. മെയ് 19 വരെ ഒരു ലക്ഷമായിരുന്നു കോവിഡ് ബാധിതരുടെ എണ്ണമെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയായിരുന്നു. ജൂണ്‍ 3ന് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷമായത് അടുത്ത 10 ദിവസത്തിനുള്ളിലാണ്. ജൂണ്‍ 21ന് നാല് ലക്ഷവും ജൂണ്‍ 27ന് അഞ്ച് ലക്ഷവും പിന്നിട്ടു. ഇന്നിപ്പോള്‍ ആറ് ലക്ഷം കഴിഞ്ഞിരിക്കുകയാണ് കോവിഡ് ബാധിതരുടെ എണ്ണം.