LiveTV

Live

Kerala

ഇന്ധനവില വര്‍ധന: യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക ബന്ദ് നടത്തി

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ അണിചേർന്നു.

ഇന്ധനവില വര്‍ധന: യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക ബന്ദ് നടത്തി

ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതീകാത്മക കേരള ബന്ദ്. രാവിലെ 11 മുതല്‍ കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ വാഹനങ്ങള്‍ ഓഫ് ചെയ്ത് പ്രതിഷേധിച്ചു.

ദിനംപ്രതി വർധിപ്പിക്കുന്ന പെട്രോൾ - ഡീസൽ വിലക്കെതിരെയായിരുന്നു പ്രതീകാത്മക ബന്ദ്. തിരുവനന്തപുരം എജീസ് ഓഫീസിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ അണിചേർന്നു. 5 മിനിട്ട് വാഹനം ഓഫാക്കി പ്രതിഷേധിച്ചു.

പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 15 മിനുറ്റ് വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടായിരുന്നു കോഴിക്കോട് പ്രതിഷേധം. കൊച്ചിയിൽ നടന്ന പ്രതിഷേധത്തിന് ഹൈബി ഈഡൻ എം.പി നേതൃത്വം നൽകി.

ഇന്ധനവില വര്‍ധനവിനെതിരെ സ്വകാര്യ ബസ് ഉടമകളും പ്രതിഷേധിച്ചു‍. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. പ്രതീകാത്മക ബസിന്റെ ശവമഞ്ചം വഹിച്ചുകൊണ്ടാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പ്രതിഷേധിച്ചത്.

ലോക്ക്ഡൌണും ഡീസല്‍ വില വര്‍ധനവും മൂലം ബസ് സര്‍വ്വീസുമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇന്ധനവില വര്‍ധനവ് പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു.