LiveTV

Live

Kerala

'വെള്ളാപ്പള്ളിക്കും അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന നേതാക്കൾക്ക് ജീവിതം സമർപ്പിക്കുന്നു': ആത്മഹത്യാകുറിപ്പ്

കെ കെ മഹേശന്‍ തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.

'വെള്ളാപ്പള്ളിക്കും അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന നേതാക്കൾക്ക് ജീവിതം സമർപ്പിക്കുന്നു': ആത്മഹത്യാകുറിപ്പ്

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.

മരിക്കും മുൻപ് മഹേശന്‍ സ്വന്തം കൈപ്പടയിൽ എഴുതി യൂണിയന്‍ ഓഫീസ് മുറിയുടെ ഭിത്തിയിലാണ് കുറിപ്പ് ഒട്ടിച്ചുവെച്ചത്. വെള്ളാപ്പള്ളി നടേശനും സഹായി കെ എൽ അശോകനും വേണ്ടി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയൻ നേതാക്കൾക്കായി ജീവിതം സമര്‍പ്പിക്കുന്നുവെന്ന് ഒറ്റവരി കുറിപ്പില്‍ മഹേശൻ പറയുന്നു. നേരത്തെ പുറത്തുവന്ന കത്തുകളിലെ ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് ആത്മഹത്യാ കുറിപ്പ്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളിയെയും അശോകനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളില്‍ മഹേശന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. ആത്മഹത്യക്ക് കാരണം ഇതാണെന്നും തുഷാര്‍ പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി വെള്ളാപ്പള്ളി നടേശന്‍റെയും കെ എല്‍ അശോകന്‍റെയും മൊഴികള്‍ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. യൂണിയൻ ഭാരവാഹികളടക്കം അന്‍പതിലധികം പേരുടെ മൊഴി മാരാരിക്കുളം പൊലീസ് ഇതുവരെ രേഖപ്പെടുത്തി. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ശ്രീനാരായണ സഹോദര ധർമ്മവേദി അടക്കമുള്ള സംഘടനകൾ.

കെ കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. മുന്നോട്ട് പോകാനാത്ത വിധം കേസിൽ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനൊടുക്കുന്നുവെന്നും മഹേശൻ കത്തിൽ പറയുന്നു. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

അതീവ ദു:ഖിതനാണ്, കേരളത്തിലെ വിവിധ യൂണിയനുകളിലുള്ള മൈക്രോ ഫിനാൻസ് കേസുകൾ തലയിൽ കെട്ടിവെയ്ക്കും. ഇപ്പോൾ ജീവിതം അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും മാനസിക പീഡനമുണ്ടാകുമെന്നും അത് താങ്ങാൻ കഴിയില്ലെന്നുമാണ് ഭാര്യക്ക് എഴുതിവെച്ച കത്തിൽ പറയുന്നത്. എസ്എൻഡിപി യൂണിയൻ നേതൃത്വത്തിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ് കുടുംബാംഗങ്ങൾ നൽകിയത്.