LiveTV

Live

Kerala

ഇ ബസ് കരാറില്‍ എതിര്‍പ്പ് അറിയിച്ചില്ലെന്ന ധനമന്ത്രിയുടെ വാദം തെറ്റ്; ധനകാര്യ സെക്രട്ടറിയുടെ കുറിപ്പ് പുറത്ത്

ടെന്‍ഡര്‍ വിളിക്കാതെ കരാറുമായി മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കുന്ന ധനകാര്യ സെക്രട്ടറിയുടെ കുറിപ്പ് പുറത്ത്.

ഇ ബസ് കരാറില്‍ എതിര്‍പ്പ് അറിയിച്ചില്ലെന്ന ധനമന്ത്രിയുടെ വാദം തെറ്റ്; ധനകാര്യ സെക്രട്ടറിയുടെ കുറിപ്പ് പുറത്ത്

ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള കരാറില്‍ എതിര്‍പ്പ് അറിയിച്ചിരുന്നില്ലെന്ന ധനമന്ത്രിയുടെ വാദം തെറ്റെന്ന് രേഖകള്‍. ടെന്‍ഡര്‍ വിളിക്കാതെ കരാറുമായി മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കുന്ന ധനകാര്യ സെക്രട്ടറിയുടെ കുറിപ്പ് പുറത്ത്. പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ സ്വിസ് കമ്പനി ഹെസ്സും കെഎഎലും തമ്മില്‍ ധാരണാപത്രം ഒപ്പിട്ട വാര്‍ത്ത പുറത്തുവിട്ടത് മീഡിയവണ്‍ ആണ്. ഇടപാടില്‍ ധനവകുപ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും അതിനെ തുടര്‍ന്നാണ് ഡിപിആര്‍ തയ്യാറാക്കാന്‍ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേര്‍സിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി 2019 ആഗസ്തില്‍ എഴുതിയ കുറിപ്പില്‍ കരാറിനെ കുറിച്ച് എതിര്‍പ്പുകള്‍ അക്കമിട്ട് നിരത്തുന്നു

1. പരസ്യമായ ടെന്‍ഡര്‍ വിളിക്കാതെ ഒരു വിദേശ കമ്പനിയുമായി ഇത്ര ഭീമമായ തുകക്ക് കരാറിലേര്‍പ്പെടാനാവില്ല

2. ബസുകളുടെ വില നിശ്ചയിച്ചില്ല. ഒന്നരക്കോടി വീതം മുടക്കി 3000 ബസ് വാങ്ങാനുള്ള ധനശേഷി സര്‍ക്കാരിനില്ല

3. അങ്ങനെയെങ്കില്‍ ഇത്രയും പണം എങ്ങനെ കണ്ടെത്തും?

ഇവയില്‍ വ്യക്തതയില്ലാതെ കരാറിന് അനുമതി നല്‍കാനാവില്ലെന്നും ധനമന്ത്രിയുടെ അറിവോടെയാണ് ഈ എതിര്‍പ്പുന്നയിക്കുന്നതെന്നും ധനകാര്യ സെക്രട്ടറി കുറിച്ചിരിക്കുന്നു. ഇനി മറുപടി പറയേണ്ടത് തോമസ് ഐസകാണ്.