LiveTV

Live

Kerala

കോഴിക്കോട് കണ്ടെയ്ന്‍‍മെന്‍റ് സോണുകളില്‍ കോവിഡ് പരിശോധന ഇന്ന് തുടങ്ങും, കര്‍ശന നിയന്ത്രണങ്ങള്‍

ആദ്യഘട്ടത്തില്‍ 1000 പേരുടെ സാംപിളാണ് പരിശോധിക്കുന്നത്.

കോഴിക്കോട് കണ്ടെയ്ന്‍‍മെന്‍റ് സോണുകളില്‍ കോവിഡ് പരിശോധന ഇന്ന് തുടങ്ങും, കര്‍ശന നിയന്ത്രണങ്ങള്‍

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളില്‍ ഇന്ന് സാംപിള്‍ പരിശോധന ആരംഭിക്കും. ആദ്യഘട്ടത്തില്‍ 1000 പേരുടെ സാംപിളാണ് പരിശോധിക്കുന്നത്. കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാര്‍ഡുമാണ് കണ്ടെയ്ന്‍‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തില്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച കൃഷ്ണന്‍റെ സംസ്കാര ചടങ്ങില്‍ അടക്കം പങ്കെടുത്ത 300 പേരാണ് വെള്ളയില്‍ ഭാഗത്ത് സമ്പര്‍ക്കത്തിലുള്ളത്. അതുപോലെ ഒളവണ്ണ പഞ്ചായത്തിലെ 19ആം വാര്‍ഡിലെ ട്രക്ക് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിടെയും കണ്ടെയ്ന്‍‍മെന്‍റ് സോണാക്കി. കോര്‍പറേഷനിലെ 56ആം വാര്‍ഡായ ചക്കുംകടവ്, 62ആം വാര്‍ഡായ മൂന്നാലിങ്കല്‍, 66ആം വാര്‍ഡായ വെള്ളയില്‍, ഒളവണ്ണ പഞ്ചായത്തിലെ 19ആം വാര്‍ഡായ കമ്പിള പറമ്പ് എന്നിവിടങ്ങളാണ് കണ്ടെയ്ന്‍‍മെന്‍റ് സോണുകള്‍. ഓരോ വാര്‍ഡിലും 300 പേരുടെ സാംപിളുകള്‍ പരിശോധിക്കും.

കണ്ടെയ്ന്‍‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക പൊതുപരിപാടികളോ പ്രതിഷേധങ്ങളോ അനുവദിക്കില്ല. പൊതുയിടങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്. ക്വാറന്‍റൈനില്‍ കഴിയുന്ന ജനമൈത്രി പോലീസ് നിരീക്ഷിക്കും. മാസ്ക്, സാമൂഹിക അകല്‍ പാലിക്കല്‍ തുടങ്ങിയ കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.