LiveTV

Live

Kerala

കായംകുളം മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരനും മീന്‍കാരനും കോവിഡ്: നിയന്ത്രണങ്ങൾ ശക്തമാക്കി ആലപ്പുഴ

വ്യാപാരസ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 7.30വരെ. ആളുകൾ കൂട്ടം കൂടിയാൽ കേസെടുക്കുമെന്ന് ജില്ലാഭരണകൂടം

കായംകുളം മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരനും മീന്‍കാരനും കോവിഡ്: നിയന്ത്രണങ്ങൾ ശക്തമാക്കി ആലപ്പുഴ

കോവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴയിൽ നിയന്ത്രണം ശക്തമാക്കി ജില്ലാഭരണകൂടം. കായംകുളം മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരനും ഇവിടെനിന്നും മത്സ്യമെടുത്ത് കച്ചവടം ചെയ്യുന്നയാൾക്കും രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം

കായംകുളം മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം സ്ഥിരീകരിക്കാത്തതിനാൽ ഇദ്ദേഹത്തിന്‍റെ സമ്പർക്കപ്പട്ടിക പൂർത്തിയായിട്ടില്ല.

ഇതിന് പിന്നാലെയാണ് ഈ മാർക്കറ്റിൽ നിന്ന് മത്സ്യമെടുത്ത് വാഹനത്തിൽ കച്ചവടം നടത്തുന്നയാൾക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോൾ രോഗം കണ്ടെത്തുകയായിരുന്നു. 52 വയസുള്ള മാവേലിക്കര കുറത്തിക്കാട് സ്വദേശിയായ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. കായംകുളം മാർക്കറ്റ് ഉൾപ്പെടുന്ന പ്രദേശം കഴിഞ്ഞ ദിവസം കണ്ടെയ്‍ന്‍‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് സ്ഥിതി രൂക്ഷമാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെയാക്കി.

ഹോട്ടലുകളിൽ രാത്രി 9 വരെ പാഴ്‌സൽ നൽകാം. ജില്ലയിൽ ഒരു സ്ഥലത്തും ആളുകൾ കൂട്ടംകൂടാൻ പാടില്ല. നിരീക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. റോഡിലെ അനധികൃത കച്ചവടം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.