LiveTV

Live

Kerala

വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ളത് 15 വര്‍ഷം മുമ്പുള്ള മദ്യശാലകള്‍, പല കേന്ദ്രങ്ങളിലും മദ്യശാല ഇല്ല: പുതിയ 44 മദ്യശാലകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

മദ്യശാല സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ടൂറിസം സെക്രട്ടറി ടൂറിസം ഡയറക്ടര്‍ക്ക് കത്തയച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ളത് 15 വര്‍ഷം മുമ്പുള്ള മദ്യശാലകള്‍, പല കേന്ദ്രങ്ങളിലും മദ്യശാല ഇല്ല: പുതിയ 44 മദ്യശാലകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്ത് പുതിയ 44 മദ്യശാലകള്‍ തുറക്കാന്‍ നീക്കം. വിനോദ സഞ്ചാര മേഖലയിലാണ് പുതിയ 44 ബിയര്‍ പാര്‍ലറുകള്‍ തുറക്കുന്നത്. മദ്യശാല സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ടൂറിസം സെക്രട്ടറി ടൂറിസം ഡയറക്ടര്‍ക്ക് കത്തയച്ചു. പല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നുവെന്നാണ് ടൂറിസം വകുപ്പ് നല്‍കുന്ന വിശദീകരണം. ടൂറിസം സെക്രട്ടറി അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ഈ മാസം 22 നാണ് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ടൂറിസം ഡയറ്ക്ടര്‍ ബാല കിരണിന് കത്തയച്ചത്. സംസ്ഥാനത്തെ 44 ടൂറിസം കേന്ദ്രങ്ങളില്‍ മദ്യശാല തുടങ്ങേണ്ടതുണ്ട്. ഇതിനായി എക്സൈസ് ലൈസന്‍സിന് അപേക്ഷ നല്‍കണം. ഏതൊക്കെ സ്ഥലങ്ങളിലാണ് മദ്യശാല സ്ഥാപിക്കേണ്ടത്, അവയുടെ അതിര്‍ത്തികള്‍ എന്നിവ ഉള്‍പ്പടെ വേഗം വിവരം നല്‍കുക എന്നതാണ് കത്തിന്‍റെ ഉള്ളടക്കം.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ടൂറിസം ഡയറക്ടര്‍ ജില്ലാ തല ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തില്‍ വിവരശേഖരണം നടന്നുവരികയാണ്. ജില്ലകളില്‍ വിവരം ലഭിക്കുന്ന മുറക്ക് ടൂറിസം ഡയറ്ക്ടര്‍ സെക്രട്ടറിക്ക് പട്ടിക കൈമാറുകയും വിദേശമദ്യശാല ലൈസന്‍സ് നേടാനുള്ള ശ്രമം തുടങ്ങുകയും ചെയ്യും. ലൈസന്‍സ് ലഭിച്ചാല്‍ മദ്യശാല തുറക്കല്‍ യാഥാര്‍ഥ്യമാവുകയും ചെയ്യും.

നിലവില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ളത് പതിനഞ്ച് വര്‍ഷം മുമ്പെങ്കിലും സ്ഥാപിച്ച മദ്യശാലകളാണെന്നും പുതിയ പല കേന്ദ്രങ്ങളിലും മദ്യശാല ഇല്ലെന്നും ടൂറിസം വകുപ്പ് വിശദീകരിക്കുന്നു. എന്നാല്‍ പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കപ്പെട്ടെന്ന വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷവും മദ്യവിരുദ്ധ സംഘങ്ങളും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവരാനും സാധ്യതയുണ്ട്.