LiveTV

Live

Kerala

ജോസ് വിഭാഗത്തിന്‍റെ പുറത്താക്കലിലേക്ക് നയിച്ചത് പിജെയുടെ തന്ത്രപരമായ നീക്കങ്ങള്‍

പാലാ തെരഞ്ഞെടുപ്പാണ് തര്‍ക്കത്തിന്‍റെ ലിറ്റ്മസ് പേപ്പറായത്.

ജോസ് വിഭാഗത്തിന്‍റെ പുറത്താക്കലിലേക്ക് നയിച്ചത് പിജെയുടെ തന്ത്രപരമായ നീക്കങ്ങള്‍

പി ജെ ജോസഫിന്‍റെ തന്ത്രപരമായ നീക്കങ്ങളാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ പുറത്താക്കലിലേക്ക് നയിച്ചത്. ഇതിനോടൊപ്പം മുന്നണിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണമെന്ന യുഡിഎഫ് നേതാക്കളുടെ നിലപാടും നിര്‍ണായകമായി. പാര്‍ട്ടിയിലും മുന്നണിയിലും മേധാവിത്വം നേടാനുള്ള കരുക്കള്‍ പി.ജെ ജോസഫ് തന്ത്രപരമായി നീക്കിയപ്പോള്‍ ജോസ് കെ മാണി പലപ്പോഴും കാഴ്ചക്കാരനായി.

ഇടതു മുന്നണി വിട്ട് മാണി വിഭാഗത്തോടൊപ്പം കൂടിയ പി ജെ ജോസഫ് പാര്‍ട്ടിയിലെ രണ്ടാമനായി കെ എം മാണിയുടെ മരണം വരെ തുടര്‍ന്നു. മാണിയുടെ മരണ ശേഷം രണ്ടാമനായ പിജെ സ്വാഭാവികമായി ചെയര്‍മാനാകാന്‍ കരുനീക്കി. സി എഫ് തോമസ്, ജോയ് എബ്രഹാം, തോമസ് ഉണ്ണ്യാടന്‍ തുടങ്ങി മാണി വിഭാഗത്തിലെ പ്രമുഖര്‍ പി ജെ ജോസഫിന്‍റെ നേതൃത്വം അംഗീകരിച്ചു. ജോസ് കെ മാണി എതിര്‍ത്ത് നിന്നതോടെ പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിച്ച് മാണി വിഭാഗത്തിലെ പ്രമുഖരോടൊപ്പം പിജെ പ്രത്യേക പാര്‍ട്ടിയായി. ജോസ് കെ മാണി ചെയര്‍മാനായി ജോസ് വിഭാഗവും നിലവില്‍ വന്നു.

പാലാ തെരഞ്ഞെടുപ്പാണ് തര്‍ക്കത്തിന്‍റെ ലിറ്റ്മസ് പേപ്പറായത്. മാണിയുടെ പാലായില്‍ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് കിട്ടില്ല. പിന്നാലെ തോല്‍വിയും. തങ്ങളെ കാലുവാരിയ ജോസഫിനെതിരെ മുന്നണി നേതൃത്വത്തെ ചലിപ്പിക്കാന്‍ ജോസ് കെ മാണിക്കായില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് തര്‍ക്കം അവസാന അങ്കമായി. ധാരണ പാലിക്കപ്പെട്ടില്ലെങ്കില്‍ മുന്നണി വിടേണ്ടിവരുമെന്ന സൂചന പി.ജെ ജോസഫ് നല്‍കി. സര്‍ക്കാരിനെ പുകഴ്ത്തി പ്രസ്താവനയിറക്കി അപായ സൂചനകള്‍ നല്‍കി. ഒടുവില്‍ ജോസ് വിഭാഗത്തെ മുന്നണിക്ക് പുറത്താക്കുന്നതുവരെ എത്തി പിജെയുടെ നീക്കങ്ങള്‍.

ഏറെ നാള്‍ രണ്ട് വിഭാഗത്തെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന സൂചന പാലാ തന്നെ യുഡിഎഫിന് നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും തര്‍ക്കം രൂക്ഷമാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുന്നറിയിപ്പ് നല്‍കി. യുപിഎ ഘടക കക്ഷിയായതിനാല്‍ ഹൈകമാന്‍ഡുമായും കോണ്‍ഗ്രസ് നേതാക്കള്‍ ആശയ വിനിമയം നടത്തിയിരുന്നു. മുന്നണിയിലെ ആഭ്യന്തര തര്‍ക്കത്തില്‍ ശക്തമായ തീരുമാനമെടുത്തെന്ന ആത്മവിശ്വാസവും ഇതോടൊപ്പം യുഡിഎഫിന് വന്നു ചേരുകയാണ്.