LiveTV

Live

Kerala

യുഡിഎഫ് പുറത്താക്കിയത് മാണി സാറിനെ, കേരള കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം അടിയറ വെക്കില്ല: ജോസ് കെ മാണി

കെ എം മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്..

യുഡിഎഫ് പുറത്താക്കിയത് മാണി സാറിനെ, കേരള കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം അടിയറ വെക്കില്ല: ജോസ് കെ മാണി

ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി. കെ എം മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ചയാളാണ് കെ എം മാണിയെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫ് തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ മാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവക്കാത്ത നിസ്സാരമായ കാരണത്തിനാണ് യുഡിഎഫ് ജോസ് വിഭാഗത്തെ പുറത്താക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെയോ പദവിയുടെയോ പ്രശ്‌നമല്ല. ഇതൊരു നീതിയുടെ പ്രശ്‌നമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവെക്കണമെന്നാണ് യുഡിഎഫ് പറയുന്നതെന്നും ജോസ് കെ മാണി വിശദീകരിച്ചു.

കാല് മാറ്റക്കാരോടൊപ്പമാണ് യുഡിഎഫ് നിന്നത്. ധാരണ പാലിക്കാത്തതിന്‍റെ പേരിലാണെങ്കില്‍ ജോസഫിനെ ആയിരം തവണ പുറത്താക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

നാളെ രാവിലെ 10.30ന് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. അതിന് ശേഷം രാഷ്ട്രീയ തീരുമാനമുണ്ടാകും. കേരള കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം ആരുടെ മുന്നിലും അടിയറവെക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി
Also Read

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി

യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞത്‍. കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച യുഡിഎഫ് നേതൃത്വത്തിന്‍റെ തീരുമാനത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട. യുഡിഎഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ബെന്നി ബെഹ്നാന്‍ അറിയിച്ചു.

കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന ആവശ്യം ജോസ് വിഭാഗം അംഗീകരിക്കാതിരുന്നതോടെയാണ് യുഡിഎഫ് നിലപാട് കടുപ്പിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം രാജിവയ്ക്കില്ലെന്നും അത്തരം ഒരു കരാറോ ധാരണയോ ഇല്ലെന്നുമാണ് ജോസ് കെ. മാണി വിഭാഗം ആവ‍ര്‍ത്തിച്ചത്.