LiveTV

Live

Kerala

ആത്മഹത്യക്ക് മുന്‍പ് എസ്എന്‍ഡിപി യൂണിയൻ സെക്രട്ടറി ഭാര്യക്കെഴുതിയ കത്ത് പുറത്ത്

മുന്നോട്ട് പോകാനാത്ത വിധം കേസിൽ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനോടുക്കുന്നുവെന്നും മഹേശൻ കത്തിൽ പറയുന്നു.

ആത്മഹത്യക്ക് മുന്‍പ് എസ്എന്‍ഡിപി  യൂണിയൻ സെക്രട്ടറി ഭാര്യക്കെഴുതിയ കത്ത് പുറത്ത്

ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് പുറത്ത്. മുന്നോട്ട് പോകാനാത്ത വിധം കേസിൽ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനോടുക്കുന്നുവെന്നും മഹേശൻ കത്തിൽ പറയുന്നു. മഹേശന്‍റെ കത്തുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുകയാണ്.

അതീവ ദു:ഖിതനാണ്, കേരളത്തിലെ വിവിധ യൂണിയനുകളിലുള്ള മൈക്രോ ഫിനാൻസ് കേസുകൾ തലയിൽ കെട്ടിവെയ്ക്കും. ഇപ്പോൾ ജീവിതം അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും മാനസിക പീഡനമുണ്ടാകുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും ഭാര്യക്ക് എഴുതിവെച്ച കത്തിൽ പറയുന്നു. മൊഴി നൽകുന്നതിനിടെയാണ് ഭാര്യ ഉഷാദേവി കത്ത് പോലീസിനു കൈമാറിയത്. മറ്റ് കുടുംബാംഗങ്ങളുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എസ്എൻഡിപി യൂണിയൻ നേതൃത്വത്തിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ് കുടുംബാംഗങ്ങൾ നൽകിയത്.

എന്നാൽ മഹേശൻ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തുകൾ തെറ്റിദ്ധരിപ്പിക്കാന്‍ ആണെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നാട്ടുകാർ.