LiveTV

Live

Kerala

ഇ -മൊബിലിറ്റി പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് ചെന്നിത്തല; ഇലക്ട്രിക് ബസ് വാങ്ങാന്‍ കരാര്‍ നല്‍കിയത് സെബി നിരോധിച്ച കമ്പനിക്ക്

ഗതാഗത മന്ത്രിക്ക് കരാറിനെപ്പറ്റി വല്ലതും അറിയാമോയെന്നും ചെന്നിത്തല ചോദിച്ചു

ഇ -മൊബിലിറ്റി പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് ചെന്നിത്തല; ഇലക്ട്രിക് ബസ് വാങ്ങാന്‍ കരാര്‍ നല്‍കിയത് സെബി നിരോധിച്ച കമ്പനിക്ക്

സര്‍ക്കാറിന്‍റെ ഇ മൊബൈല്‍ പദ്ധതിയില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്‍റെ ഇ-മൊബിലിറ്റി പദ്ധതിക്കായി നിയോഗിച്ച കണ്‍സള്‍ട്ടന്‍സി കമ്പനി കരിമ്പട്ടികയിലുള്‍ പ്പെട്ടതാണ്. സെബി നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് അഴിമതിയാണെന്നും മുഖ്യമന്ത്രി നേരിട്ടാണ് പദ്ധതിയുടെ കരാര്‍, ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ എന്ന കമ്പനിക്ക് നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു. ഗതാഗത മന്ത്രിക്ക് കരാറിനെപ്പറ്റി വല്ലതും അറിയാമോയെന്നും ചെന്നിത്തല ചോദിച്ചു.

കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിര്‍പ്പും നിലനില്‍ക്കുമ്പോഴാണ് നിരോധനമുള്ള ബഹുരാഷ്ട്ര കമ്പനിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂര്‍ണമായും കാറ്റില്‍പറത്തിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കോവിഡ് കാലത്ത് ഗതാഗതവകുപ്പ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഇ-മൊബിലിറ്റി പോളിസി സർക്കാർ അംഗീകരിച്ചതാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ കുറിച്ച് പഠിച്ചിട്ട് മറുപടി പറയും. ഈ പറയുന്ന കമ്പനിയുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും 3000 ബസ് വാങ്ങാൻ മന്ത്രിസഭ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.