LiveTV

Live

Kerala

സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് ഭേദമായ സൈനുദ്ദീന്‍ ബാഖവി ആശുപത്രി വിട്ടു; പ്ലാസ്മ നല്‍കിയത് വിനീത്

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ് പ്ലാസ്മ തെറാപ്പിയിലൂടെ സൈനുദ്ദീന്‍ രോഗമുക്തനായത്.

സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് ഭേദമായ സൈനുദ്ദീന്‍ ബാഖവി ആശുപത്രി വിട്ടു; പ്ലാസ്മ നല്‍കിയത് വിനീത്

സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് ഭേദമായ സൈനുദ്ദീന്‍ ബാഖവി ജീവിതത്തിലേക്ക് തിരികെയെത്തിയ സന്തോഷത്തിലാണ്. മറ്റൊരാളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്‍റെ സന്തോഷത്തിലാണ് ചികിത്സക്കായി ‌പ്ലാസ്മ നല്‍കിയ മലപ്പുറം എടപ്പാള്‍ സ്വദേശി വിനീത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ് പ്ലാസ്മ തെറാപ്പിയിലൂടെ സൈനുദ്ദീന്‍ രോഗമുക്തനായത്.

കഴിഞ്ഞ ദിവസമാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും കോവിഡ് ഭേദമായി പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീന്‍ ബാഖവി വീട്ടിലേക്ക് മടങ്ങിയത്. കേരളത്തില്‍ പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമായ ആദ്യ കോവിഡ് ബാധിതന്‍ എന്ന വിശേഷണത്തോടെയാണ് സൈനുദ്ദീന്‍ ആശുപത്രി വിട്ടത്. അതിന് നിമിത്തമായതാവട്ടെ ‌മലപ്പുറം എടപ്പാള്‍ സ്വദേശി വിനീത് എന്ന യുവാവും. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സൈനുദ്ദീന്‍ പൂര്‍ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചികിത്സക്കായി പ്ലാസ്മ നല്‍കിയ വിനീത് അതീവ സന്തോഷത്തിലാണ്.

ജൂണ്‍ ആറിന് മസ്‌കത്തില്‍ നിന്ന് നാട്ടിലെത്തിയ സൈനുദ്ദീനെ ഏഴാം തീയതിയാണ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധ കണ്ടെത്തിയതോടെ കോവിഡ് 19 സ്രവപരിശോധന നടത്തി ഓക്സിജന്‍ തെറാപ്പി, ആന്റിബയോട്ടിക് എന്നിവ ഉള്‍പ്പെടെയുള്ള ചികിത്സയും തുടങ്ങി. ആരോഗ്യനില മോശമായതോടെ ഐ.സി.യുവിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയാഘാതമുള്ളതായി കണ്ടെത്തി. തുടര്‍ന്നായിരുന്നു സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരമുള്ള പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയത്. രോഗം ഭേദമായെങ്കിലും അടുത്ത 14 ദിവസത്തേക്ക് അതീവ ജാഗ്രത വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.