LiveTV

Live

Kerala

200 കോടി കുടിശ്ശിക: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍‌ പിന്‍മാറുന്നു

ജൂലൈ ഒന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങളോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുക. ഇത് പ്രകാരമുള്ള പാക്കേജ് തുക അംഗീകരിക്കാനാവില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്.

200 കോടി കുടിശ്ശിക: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍‌ പിന്‍മാറുന്നു

സർക്കാരിന്‍റെ കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിൽ നിന്ന് ജൂലൈ ഒന്ന് മുതല്‍ വിട്ട് നില്‍ക്കുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍. കുടിശ്ശിക തുക നല്‍കാത്തതിലും കാരുണ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിലെ പുതിയ മാനദണ്ഡങ്ങളിലും പ്രതിഷേധിച്ചാണ് തീരുമാനം.

സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറാനാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം. 200 കോടി രൂപ പദ്ധതി നടപ്പിലാക്കിയ ഇനത്തില്‍ ലഭിക്കാനുണ്ടെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി കോവിഡ് സാഹചര്യത്തിൽ ജൂൺ 30 വരെ നീട്ടിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങളോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുക. ഇത് പ്രകാരമുള്ള പാക്കേജ് തുക അംഗീകരിക്കാനാവില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. ഈ സാഹചര്യത്തില്‍‌ സംസ്ഥാനത്തെ 198 സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പദ്ധതിയിൽ നിന്ന് പിന്മാറുന്ന കാര്യം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രി മാനേജ്‍മെന്‍റുകളുടെ തീരുമാനം കാരുണ്യ പദ്ധതിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. കഴിഞ്ഞ ഡിസംബറിൽ സർക്കാർ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി കുടിശികയുടെ 30 ശതമാനം നൽകിയെങ്കിലും ബാക്കി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ പിന്നോട്ട് പോയതാണ് മാനേജ്‍മെന്‍റുകൾ കടുത്ത നിലപാടിലേക്ക് നീങ്ങാൻ കാരണമായത്.

കേന്ദ്രസർക്കാറിന്‍റെ ആയുഷ്‌മാൻ ഭാരത് പദ്ധതിയുമായി ചേർന്നാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നത്. 45 ലക്ഷത്തോളം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.

കോവിഡ് കാലത്ത് സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ നിരക്കിൽ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ സഹകണം തേടിയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സ്വകാര്യ ആശുപത്രികളുടെ പിന്മാറ്റ നീക്കം.