LiveTV

Live

Kerala

ഉത്തരക്കടലാസ് എവിടെ? കാണാതായ 61 പ്ലസ്ടു ഉത്തരക്കടലാസുകള്‍ ഇനിയും കണ്ടെത്താനായില്ല

കൊല്ലത്ത് നിന്ന് പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസാണ് കാണാതായത്. ഉത്തരപേപ്പര്‍ എങ്ങനെ കാണാതായെന്നതില്‍ തപാല്‍വകുപ്പും വിദ്യാഭ്യാസവകുപ്പും ഇരുട്ടില്‍ തപ്പുകയാണ്.

ഉത്തരക്കടലാസ് എവിടെ?  കാണാതായ 61 പ്ലസ്ടു ഉത്തരക്കടലാസുകള്‍ ഇനിയും കണ്ടെത്താനായില്ല

മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയി കാണാതായ ഉത്തരക്കടലാസുകള്‍ 18 ദിവസമായിട്ടും കണ്ടെത്താനായില്ല. പ്ലസ് ടു വിലെ 61 ഉത്തരക്കടലാസുകളാണ് കാണാതായത്. ഉത്തരപേപ്പര്‍ എങ്ങനെ കാണാതായെന്നതില്‍ തപാല്‍വകുപ്പും വിദ്യാഭ്യാസവകുപ്പും ഇരുട്ടില്‍ തപ്പുകയാണ്. തപാലിലാണ് ഉത്തരക്കടലാസ് അയച്ചതെന്ന് തപാല്‍ വകുപ്പ് പറയുന്നു. കൊല്ലത്ത് നിന്ന് പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസാണ് കാണാതായത്.

കൊല്ലത്തെ മുട്ടറ ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബാച്ചിലെ 61 കുട്ടികളുടെ കണക്കിന്റെ ഉത്തരക്കടലാസുകളാണ് കാണാതായത്. പാലക്കാട് മോയൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കായിരുന്നു മൂല്യനിര്‍ണയത്തിനായി അയക്കേണ്ടിയിരുന്നത്. എന്നാല്‍ എറണാകുളത്തെ എസ്.ആര്‍.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കായിരുന്നു അയച്ചത്. ഇവിടെയാണ് ആദ്യ പിഴവ് സംഭവിച്ചത്. അവർ കെട്ടുപൊട്ടിച്ച് പരിശോധിച്ചപ്പോൾ അത് പാലക്കാട്ടേക്കാണെന്ന് വ്യക്തമായതോടെ തപാലിൽ പാലക്കാട്ടേക്ക് അയക്കുകയായിരുന്നു. അതാണ് ഇതുവരെ പാലക്കാട് എത്താതിരുന്നത്.

പരീക്ഷാഫലം ജൂലൈ 10നകം പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഉത്തരക്കടലാസുകൾ കാണാതായത്. നേരത്തെ കോവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിച്ചിരുന്നത്.