LiveTV

Live

Kerala

വെള്ളാപ്പള്ളിയും സഹായി കെ.എൽ അശോകനും കേസുകളില്‍ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് മഹേശൻ പറഞ്ഞിരുന്നതായി കുടുംബം

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയൻ സെക്രട്ടറി മഹേശന്‍റെ മരണം പ്രത്യേകസംഘം അന്വേഷിക്കണമെന്ന് കുടുംബം. മഹേശന്‍റെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്ന് ആരോപണവിധേയനായ വെള്ളാപ്പള്ളിയടക്കം ആവശ്യപ്പെട്ടിരുന്നു

വെള്ളാപ്പള്ളിയും സഹായി കെ.എൽ അശോകനും കേസുകളില്‍ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് മഹേശൻ പറഞ്ഞിരുന്നതായി കുടുംബം

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയൻ സെക്രട്ടറി മഹേശന്‍റെ മരണം പ്രത്യേകസംഘം അന്വേഷിക്കണമെന്ന് കുടുംബം. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. വെള്ളാപ്പള്ളി നടേശന്‍റെ സഹായി കെ.എൽ അശോകൻ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് മഹേശൻ പറഞ്ഞിരുന്നതായി സഹോദരൻ വെളിപ്പെടുത്തി.

മാനസിക പീഡനത്തെക്കുറിച്ചും മൈക്രോഫിനാൻസ് കേസിൽ മൊഴി മാറ്റാൻ നടത്തിയ സമ്മർദ്ദത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് കുടുംബം മൊഴി നൽകി. കെ കെ മഹേശന്‍റെ ഭാര്യ, മകൻ, സഹോദരന്മാർ അടുത്ത ബന്ധുക്കൾ എന്നിവരുടെ മൊഴികളാണ് മാരാരിക്കുളം സിഐയുടെ നേതൃത്വത്തിൽ വീട്ടിലെത്തി രേഖപ്പെടുത്തിയത്.

കേസുകളിൽ കുടുക്കാൻ വെള്ളാപ്പള്ളി നടേശന്‍റെയും വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ കെ എൽ അശോകന്‍റെയും ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഇവരുടെ മാനസിക പീഡനമാണ് മഹേശന്‍റെ ആത്മഹത്യക്ക് കാരണമെന്നും കുടുംബത്തിന്‍റെ മൊഴിയിലുണ്ട്.

മഹേശന്‍റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് ആരോപണ വിധേയനായ വെള്ളാപ്പള്ളി നടേശനടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് പ്രത്യേകസംഘം അന്വേഷിച്ചാൽ മതിയെന്നാണ് കുടുംബത്തിന്‍റെ നിലപാട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകുന്ന പരാതിയിൽ ഈ ആവശ്യം ചൂണ്ടിക്കാട്ടും.

മൈക്രോ ഫിനാൻസ് കേസിൽ മൊഴി മാറ്റാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്നുവരെ സമ്മർദ്ദമുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

മഹേശന്‍റേതായി പുറത്തുവന്ന കത്തുകൾക്ക് പുറമെ മരിച്ചനിലയിൽ കണ്ടെത്തിയ യൂണിയൻ ഓഫീസിൽ നിന്നും ഒരു കുറിപ്പ് കൂടി ലഭിച്ചിരുന്നു. വെള്ളാപ്പള്ളി നടേശന്‍റെയും സഹായി കെ.എൽ അശോകന്‍റെയും പേരുകൾ ഇതിൽ ഉണ്ടായിരുന്നെന്നും കുടുംബം പറഞ്ഞു.

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ ഭാരവാഹികളുടെ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. കത്തിൽ പരാമർശമുള്ള മുഴുവനാളുകളുടെയും മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. മഹേശന്‍റെ ഫോൺവിളി രേഖകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

കേസന്വേഷിക്കുന്ന മാരാരിക്കുളം പൊലീസ് മഹേശന്‍റെ കുടുംബത്തിന്‍റെയും ആരോപണവിധേയരുടെയും മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.