LiveTV

Live

Kerala

കൊച്ചി വിമാനത്താവളത്തില്‍ പ്രവാസികള്‍ക്ക് ആന്‍റിബോഡി പരിശോധനകൾക്കായി 16 കൗണ്ടറുകള്‍

പരിശോധനയുടെ ഫലം വന്നതിനു ശേഷമേ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കൂ. ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആയാൽ വിശദ പരിശോധനകൾക്കായി ഇവരെ ആശുപത്രിയിലേക്കു മാറ്റും.

കൊച്ചി വിമാനത്താവളത്തില്‍ പ്രവാസികള്‍ക്ക് ആന്‍റിബോഡി പരിശോധനകൾക്കായി 16 കൗണ്ടറുകള്‍

കൊച്ചി വിമാനത്താവളത്തില്‍ പ്രവാസികള്‍ക്ക് ആന്‍റി ബോഡി പരിശോധനകൾക്കായി 16 കൗണ്ടറുകള്‍. ഇന്നു രാവിലെ മുതലാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആന്റി ബോഡി പരിശോധന ആരംഭിച്ചത്. വിമാനത്താവളത്തിൽ ആന്റിബോഡി പരിശോധനകൾക്കായി 16 കൗണ്ടറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന എച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിനാണ് പരിശോധനാ ചുമതല. വിദേശത്തു നിന്നെത്തുന്നവരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കായിരിക്കും ആന്റിബോഡി പരിശോധന.

പരിശോധനയുടെ ഫലം വന്നതിനു ശേഷമേ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കൂ. ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആയാൽ വിശദ പരിശോധനകൾക്കായി ഇവരെ ആശുപത്രിയിലേക്കു മാറ്റും.

സംസ്ഥാന സർക്കാരിന്റെ പുതിയ മാർഗനിർദേശപ്രകാരം ഇന്നു മുതൽ വിദേശത്തു നിന്നെത്തുന്ന എല്ലാ യാത്രക്കാരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണം. സാനിറ്റൈസറും കരുതണം. കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നു വരുന്നവർ പിപിഇ കിറ്റും ധരിക്കണം. യുഎഇയിൽ എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നടത്തുന്നുണ്ടെന്നതിനാൽ അതിന്റെ റിസൾ‌ട്ട് കൗണ്ടറിൽ കാണിച്ചാൽ മതി. ഖത്തറിൽ നിന്നെത്തുന്നവർക്ക് ഇഹ്തെറാസ് മൊബൈൽ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടെങ്കിലും ആന്റിബോഡി പരിശോധനക്ക് വിധേയമാകണം.

ആന്റിബോഡി പരിശോധനാ ഫലം അറിയാൻ 20 മുതൽ 30 വരെ മിനിറ്റ് സമയം വേണം. അതുവരെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ വിശ്രമിക്കുന്നതിന് പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ 200 പേരെ വരെ പരിശോധിക്കാനുള്ള സൗകര്യമാണ് വിമാനത്താവളത്തിൽ ക്രമീകരിച്ചിരിക്കുന്നത്.നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് 21 വിമാനങ്ങളിലാണ് പ്രവാസികളെത്തുന്നത്. 20 എണ്ണം ഗൾഫ് സെക്ടറിൽ നിന്നും ഒരെണ്ണം ജോർജിയയിലെ ബിലിസിയിൽ നിന്നുമാണ് എത്തുക. നാലായിരത്തിലേറെപ്പേർ ഈ വിമാനങ്ങളിലായെത്തും. ജോർജിയയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വഴി രാത്രി 10.15 നാണെത്തുക. ഇന്നലെ 15 വിമാനങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെപ്പേർ വിദേശത്തു നിന്നെത്തി.