LiveTV

Live

Kerala

യാക്കോബായ സഭയിലെ അഴിമതിക്കെതിരെ സഭാ ആസ്ഥാനത്തിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം

സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്‍ററിന് മുന്നിലാണ് വിശ്വാസികൾ പ്രതിഷേധിച്ചത്

യാക്കോബായ സഭയിലെ അഴിമതിക്കെതിരെ സഭാ ആസ്ഥാനത്തിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം

യാക്കോബായ സഭ ആസ്ഥാനത്ത് ചേരുന്ന സഭാ സുന്നഹദോസിലെക്കാണ് ഒരു വിഭാഗം യാക്കോബായ സഭ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തെങ്കിലും പഴയ ഭാരവാഹികള്‍ പിന്‍സീറ്റ് ഭരണം നടത്തുന്നു, 18 വര്‍ഷമായി സഭയില്‍ നടക്കുന്ന അഴിമതി ഭരണം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ചലോ പുത്തൻകുരിശ് എന്ന പേരിലായിരുന്നു മാര്‍ച്ച്. പുത്തൻകുരിശ് പുത്രിയർക്കാ സെന്ററിലെത്തി മെത്രാപ്പോലീത്തമാർക്ക് നിവേദനം നൽകുകയായിരുന്നു മാർച്ചിന്‍റെ ലക്ഷ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് സഭാ ആസ്ഥാനത്തേക്ക് മാർച്ച് പൊലീസ് കടത്തി വിട്ടില്ല.

സഭയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികൾ വന്നെങ്കിലും പഴയ ഭാരവാഹികളുടെ പിൻസീറ്റ് ഭരണമാണ് നടക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം. കഴിഞ്ഞ 18 വർഷമായി സഭയിൽ നടക്കുന്ന അഴിമതികൾക്ക് അവസാനമില്ല.നേരത്തെ ഇതിന് നേതൃത്വം നൽകിയവർ തന്നെയാണ് ഇപ്പോഴും അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്. പ്രതിവർഷം 20 കോടിയോളം വരുമാനമുള്ള വിദ്യാഭ്യാസ ട്രസ്റ്റിന്റെയടക്കം പ്രവർത്തനത്തിൽ പുറം ശക്തികളാണ് നേതൃത്വം നൽകുന്നത്. 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിക്ക് ശേഷം 45 പള്ളികൾ നഷ്ടപ്പെട്ടെങ്കിലും തുടർ നടപടികൾ സംബന്ധിച്ച് നേതൃത്വത്തിന് ഇതുവരെയും വ്യക്തതയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പല വട്ടം നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. നൂറോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.