LiveTV

Live

Kerala

പ്രതിപക്ഷ, മാധ്യമ ഇടപെടൽ കുത്തിത്തിരിപ്പാണോ? മുഖ്യമന്ത്രിയോട് ചെന്നിത്തല

മരിച്ചു വീണ മലയാളികളുടെ ചിത്രം പത്രത്തിൽ വരുന്നത് പോലും മുഖ്യമന്ത്രിക്ക് സഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി

പ്രതിപക്ഷ, മാധ്യമ ഇടപെടൽ കുത്തിത്തിരിപ്പാണോ? മുഖ്യമന്ത്രിയോട് ചെന്നിത്തല

മാധ്യമം ദിനപത്രത്തെ സാമൂഹിക വിരുദ്ധര്‍ എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടി അല്ല. പ്രതിപക്ഷ, മാധ്യമ ഇടപെടൽ കുത്തിത്തിരിപ്പാണോ? ഇത് കുത്തിത്തിരിപ്പാണെങ്കിൽ ഇനിയും കുത്തിത്തിരിപ്പ് നേരിടേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ കാര്യത്തിലും യൂ ടേൺ അടിക്കുന്ന സര്‍ക്കാരാണ് എല്‍ഡിഎഫ് സർക്കാർ. കേരളം ഭരിക്കുന്നത് യൂ ടേണ്‍ സര്‍ക്കാരാണ്. പ്രവാസികൾ തിരിച്ച് വരരുത് എന്നാണ് സർക്കാർ ആഗ്രഹിച്ചത്. നിബന്ധനകൾ വെച്ചത് പ്രവാസികളുടെ വരവ് തടയാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കോഴിക്കോട് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ പൂട്ടിയ സംഭവം ഗൌരവമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. പ്രവാസികളെ തെരുവിലിറക്കി വിടുന്നത് ശരിയാണോ? പ്രവാസികളോടുള്ള അവഗണന സര്‍ക്കാര്‍ തുടരുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പ്രതികരിച്ചു.

മരിച്ചു വീണ മലയാളികളുടെ ചിത്രം പത്രത്തിൽ വരുന്നത് പോലും മുഖ്യമന്ത്രിക്ക് സഹിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോട് പണ്ടേ അലർജിയാണ്. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് പറഞ്ഞയാൾ. പ്രവാസികളുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.