LiveTV

Live

Kerala

'മാധ്യമ'ത്തിന്‍റെ ഒന്നാംപേജ് പോസ്റ്ററിൽ ഉപയോഗിച്ചത് ഔദ്യോഗികമല്ല: വിശദീകരണവുമായി പ്രവാസി സംഘം

പ്രവാസി സംഘത്തിന്‍റെ പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ച 'മാധ്യമ'ത്തിന്‍റെ മുന്‍പേജ് ഉള്‍പ്പെടുത്തിയതിനെതിരെ സി.പി.ഐ.എം അണികള്‍ക്കിടയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

'മാധ്യമ'ത്തിന്‍റെ ഒന്നാംപേജ് പോസ്റ്ററിൽ ഉപയോഗിച്ചത് ഔദ്യോഗികമല്ല: വിശദീകരണവുമായി പ്രവാസി സംഘം

വിദേശത്ത് മരിച്ച മലയാളികളുടെ ചിത്രം പ്രസീദ്ധീകരിച്ച മാധ്യമത്തിന്‍റെ മുന്‍പേജ് പോസ്റ്ററില്‍ ഉപയോഗിച്ചത് ഔദ്യോഗികമായല്ലെന്ന് കേരള പ്രവാസി സംഘം. 'മാധ്യമം' പത്രത്തിന്‍റെ വിവാദമായ ഒന്നാം പേജ് ഉപയോഗിച്ചത് സംഘടനാ തീരുമാനത്തിന്‍റെ ഭാഗമല്ലെന്നും ഔദ്യോഗികമായി തയ്യാറാക്കിയ പോസ്റ്ററല്ലെന്നുമാണ് കേരള പ്രവാസി സംഘം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ആരോ ചെയ്തതാണ്. സംഘടനയ്ക്ക് ഇതില്‍ ഉത്തരവാദിത്വമില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ ക്രൂരമായി അവഗണിക്കുന്നതില്‍ പ്രവാസികള്‍ പ്രതിഷേധത്തിലാണ്. ഇതിനെ വഴിതിരിച്ചു വിടുന്നതിനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. തെറ്റായ വാര്‍ത്താ വീക്ഷണത്തെ ന്യായീകരിക്കുന്നതിന് കേരള പ്രവാസി സംഘത്തിന്‍റെ പേര് ഉപയോഗപ്പെടുത്തേണ്ടതില്ലെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്നവരെ എക്കാലത്തും സഹായിക്കുന്ന നിലപാടാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നും കേരള പ്രവാസി സംഘം വ്യക്തമാക്കി. കോണ്‍ഗ്രസ്- ബിജെപി പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഇതേ കുറിച്ച് കാര്യമായൊന്നും പറയാനില്ലാത്തവരാണ് കേരളത്തെ അപഹസിക്കുന്നതെന്നും പ്രവാസി സംഘം കുറ്റപ്പെടുത്തി.

പ്രവാസികള്‍ക്കെതിരായ അവഗണനയില്‍ കോഴിക്കോട് ജില്ലയിലെ 1000 കേന്ദ്രങ്ങളിലായാണ് പ്രവാസി സംഘം പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധസംഗമത്തിന്‍റെ ഉദ്ഘാടനം സി.പി.ഐ.എം നേതാവും എം.പിയുമായ എളമരം കരീം നിര്‍വ്വഹിക്കും. പ്രവാസി സംഘത്തിന്‍റെ പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ച 'മാധ്യമ'ത്തിന്‍റെ മുന്‍പേജ് ഉള്‍പ്പെടുത്തിയതിനെതിരെ സി.പി.ഐ.എം അണികള്‍ക്കിടയില്‍ തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം അടക്കമുള്ളവര്‍ പരിഹാസവുമായി ഫേസ്ബുക്കിലും രംഗത്തുവന്നിരുന്നു.