LiveTV

Live

Kerala

എസ്.എന്‍.ഡി.പി യൂണിയൻ സെക്രട്ടറി മഹേശന്‍റെ മരണം; കൊലപാതകത്തിന് സമാനമെന്ന് കുടുംബം

കത്തിലെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം

എസ്.എന്‍.ഡി.പി യൂണിയൻ സെക്രട്ടറി മഹേശന്‍റെ മരണം; കൊലപാതകത്തിന് സമാനമെന്ന് കുടുംബം

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം. കത്തിൽ എഴുതിയിരുന്നതെല്ലാം ശരിയാണെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കത്തിലെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

കത്തിൽ എഴുതിയിരുന്നത് മാത്രമല്ല കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ മഹേശൻ പറഞ്ഞിരുന്നതായി കുടുംബം പറഞ്ഞു. മഹേശന്‍റെ ഫോൺകോളുകളടക്കം പരിശോധിക്കണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനാണ് തീരുമാനം. മരണത്തിലേക്ക് നയിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ഏതറ്റം വരെയും പോകുമെന്നും കുടുംബം പ്രതികരിച്ചു. അതേസമയം കത്തിലെ ആരോപണങ്ങൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ഇതിനായി മഹേശന്‍റെ കുടുംബത്തിന്‍റെ മൊഴിയെടുക്കും. മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട കത്തിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചാകും അന്വേഷിക്കുക. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.