LiveTV

Live

Kerala

കെ സുരേന്ദ്രന്‍റെ മരണം: കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദമാകുന്നു

സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് കെ.സുരേന്ദ്രന്‍റെ മരണമെന്നായിരുന്നു കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.പ്രമോദിന്റെ ആരോപണം.

കെ സുരേന്ദ്രന്‍റെ മരണം: കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദമാകുന്നു

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ച ആരോപണം കണ്ണൂരില്‍ രാഷ്ട്രീയ വിവാദമായി മാറുന്നു. ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ആരോപണം അനവസരത്തിലുളളതെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ്.

സൈബര്‍ ആക്രമണത്തില്‍ മനം നൊന്താണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി നേതാവുമായ കെ.സുരേന്ദ്രന്‍റെ മരണമെന്നായിരുന്നു കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.പ്രമോദിന്റെ ആരോപണം. മേയര്‍ സ്ഥാനം സുരേന്ദ്രന് ലഭിക്കുമെന്ന് ആശങ്കയുളള കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ ആരോപണം രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് സി.പി.എമ്മിന്റെ ശ്രമം. ആരോപണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രമോദിന്‍റെ പക്കലുളള രേഖകള്‍ പരിശോധിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയാണ് സുരേന്ദ്രനെതിരെ സൈബര്‍ ആക്രമണം നടത്തിയതെന്നും ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. പ്രമോദിന്‍റെ ആരോപണം അനവസരത്തിലുളളതാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് പ്രമോദിനോട് വിശദീകരണം തേടാനും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.