LiveTV

Live

Kerala

കൊല്ലത്ത് ഗുണ്ടയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടവര്‍ കൊച്ചിയില്‍ വാഹന പരിശോധനക്കിടെ പിടിയില്‍

പ്രജീഷ്, ബിന്‍റോ സാബു എന്നിവരാണ് പൊലീസ് പിടിയിലായത്.

കൊല്ലത്ത് ഗുണ്ടയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടവര്‍ കൊച്ചിയില്‍ വാഹന പരിശോധനക്കിടെ പിടിയില്‍

കൊല്ലം പേരയത്ത് നടുറോഡില്‍ വച്ച്‌ ഗുണ്ടയെ കുത്തിക്കൊന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പ്രജീഷ്, ബിന്‍റോ സാബു എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പിടിയിലായത്. കൊല്ലം പേരയത്ത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി സക്കീര്‍ ബാബുവാണ് കൊല്ലപ്പെട്ടത്.

പ്രജീഷിന്‍റെ ബന്ധുവായ പെണ്‍കുട്ടിയെ സക്കീര്‍ ശല്യം ചെയ്തതാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനു കാരണം. ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീര്‍ കാറില്‍ തട്ടികൊണ്ടു പോയി മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ കുണ്ടറ പൊലീസ് സക്കീറിനെ അറസ്റ്റു ചെയ്തു. സക്കീര്‍ സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെ പേരയത്ത് ജിം നടത്തുന്ന പ്രജീഷിനെ അവിടെ കയറി ആക്രമിച്ചു. ഇതോടെ സക്കീര്‍ വീണ്ടും ജയിലിലായി. ഒരാഴ്ച മുന്‍പാണ് ഇയാള്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയത്.

ഇന്നലെ സക്കീര്‍ പ്രജീഷിനെ വീണ്ടും ആക്രമിച്ചു. കുതറി ഓടിയ പ്രജീഷ് വീട്ടില്‍ നിന്നും കത്തിയുമായി മടങ്ങിയെത്തി സക്കീറിനെ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്തിലേറെ തവണ പ്രജീഷ് സക്കീറിനെ കുത്തിയെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകുന്നതിനിടെയാണ് പ്രജീഷും സുഹൃത്ത് ബിന്‍റോ സാബുവും കൊച്ചിയില്‍ നിന്ന് അറസ്റ്റിലായത്. പ്രതികളെ കുണ്ടറ പൊലീസിന് കൈമാറി.