LiveTV

Live

Kerala

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്

കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ക്ക്‌ രോഗമുക്തി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 81 പേര്‍ രോഗമുക്തി നേടി. 98 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. എട്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3603 ആയി. 1691 പേര്‍ ചികിൽസയിലുണ്ട്. 1,54,759 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2,282 പേർ ആശുപത്രികളിൽ. ഇന്ന് 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാംപിൾ പരിശോധനക്ക് അയച്ചു. 4005 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂര്‍-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂര്‍-10.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 40,537 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 39,113 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്തുനിന്ന് വരുന്നവർക്ക് സ്ക്രീനിങ് നിർബന്ധമാക്കണമെന്ന് സർക്കാർ പറഞ്ഞപ്പോൾ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലർ ഇറങ്ങിയത്. പ്രവാസികളെ പ്രകോപിപ്പിക്കാനും സർക്കാരിനെതിരെ രോഷം സൃഷ്ടിക്കാനുമുള്ള ശ്രമമുണ്ടായി. ഒരു കാര്യം തുടക്കത്തിലേ സർക്കാർ വ്യക്തമാക്കിയിരുന്നു. താൽപര്യമുള്ള പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ആ ഒരു നിലപാടിൽനിന്ന് ഒരു ഘട്ടത്തിലും സർക്കാർ പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരള സർക്കാർ ഒരു വിമാനത്തിന്റെയും വരവും വിലക്കിയിട്ടില്ല.

72 ഫ്ലൈറ്റുകൾ ഇന്ന് മാത്രം കേരളത്തിലേക്ക് വരാൻ അനുമതി നൽകിയിട്ടുണ്ട്. 14,058 പേരാണ് ഈ ഫ്ലൈറ്റുകളിൽ ഇന്ന് നാട്ടിലെത്തുന്നത്. ഒന്ന് ഒഴികെ ബാക്കി 71ഉം ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. കൊച്ചി 24, കോഴിക്കോട് 22, കണ്ണൂര്‍ 16, തിരുവനന്തപുരം 10 ഇത്തരത്തിലാണ് അനുമതി നൽകിയത്. നമ്മുടെ ആളുകൾ നാട്ടിലെത്തണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങൾക്ക് അനുമതി നൽകിയത്. ഇതുവരെ 543 വിമാനങ്ങളും 3 കപ്പലുകളും സംസ്ഥാനത്തെത്തി. 335 എണ്ണം ചാർട്ടേഡ് വിമാനങ്ങളാണ്. 208 എണ്ണം വന്ദേ ഭാരത് മിഷന്റെ ഭാഗമായി വന്നതാണ്. ഇതുവരെ 154 സമ്മതപത്രങ്ങളിലൂടെ 1,114 വിമാനങ്ങൾ അനുമതി നൽകി. ജൂൺ 30വരെ 462 ചാർട്ടേഡ് വിമാനങ്ങൾക്കാണ് അനുമതി നൽകിയത്.

ഇതുവരെ വിദേശത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ചവർക്കെല്ലാം കേരളം സൗജന്യ ചികിത്സ നൽകുന്നുണ്ട്. ഗുരുതരമായ മറ്റ് അസുഖങ്ങളുള്ള വയോധികരെ ഉൾപ്പെടെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. എപ്പോ തിരിച്ചെത്തിയാലും ചികിത്സ വേണമെങ്കില്‍ അത് ലഭ്യമാകും. 216 രാജ്യങ്ങളിലും പ്രവിശ്യകളിലുമായി വ്യാപിച്ച രോഗമാണ് കോവിഡ്. 4,80,000ൽ അധികം പേർ മരിച്ചു. 90 ലക്ഷത്തിലേറെ പേർക്ക് അസുഖം ബാധിച്ചു. 38 ലക്ഷത്തോളം പേർ ഇപ്പോഴും ചികിൽ‌സയിലാണ്. നമ്മുടെയൊരു പ്രത്യേകത ലോകത്താകെ വ്യാപിച്ചു കിടക്കുന്നതാണ് കേരളിയ സമൂഹം. വിദേശത്തിനിന്നേ് കോവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ഈ വേദിയിൽതന്നെ പലതവണ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ടു മരിച്ചവരല്ല ഇവരാരും. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ അവർക്ക് ലഭിക്കുന്നുമുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പ്രൈമറി കോണ്ടാക്ട് വഴി കൂടുതല്‍ മരണങ്ങളുണ്ടാകുന്നുണ്ടെന്നും സൂപ്പര്‍ സ്‌പ്രെഡിന് വിമാനയാത്രകള്‍ കാരണമാകുന്നു എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രകള്‍ക്ക് മുമ്പായി സ്‌ക്രീനിങ്ങ് നിര്‍ബന്ധമാക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാര്യക്ഷമമായി സ്‌ക്രീനിങ്ങ് നടത്താനുള്ള സൗകര്യങ്ങളൊരുക്കി യാത്രയെ തടയാതെയും നീട്ടിവെപ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. അതെങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റുമായും എംബസികളുമായും ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉറവിടമറിയാത്ത രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെങ്കിലും സമൂഹ വ്യാപനത്തിലേക്ക് നമ്മള്‍ എത്തിയിട്ടില്ലെന്നും എന്നാല്‍ സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുവെന്ന് കരുതാനാവില്ലെന്നും അതുകൊണ്ടാണ് ജാഗ്രത തുടരണമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.