LiveTV

Live

Kerala

ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; തിരുവനന്തപുരത്ത് പത്ത് ദിവസത്തേക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം തടയാന്‍ നഗരത്തിലെ വ്യാപാര മേഖലയിലുള്‍പ്പെടെ നിയന്ത്രണം കടുപ്പിച്ച് നഗരസഭ.

ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; തിരുവനന്തപുരത്ത് പത്ത് ദിവസത്തേക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം തടയാന്‍ നഗരത്തിലെ വ്യാപാര മേഖലയിലുള്‍പ്പെടെ നിയന്ത്രണം കടുപ്പിച്ച് നഗരസഭ. വ്യാപാരസ്ഥാപനങ്ങൾ തുറക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കി. നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താന്‍ സ്ക്വാഡിനെയും നിയോഗിച്ചു. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മേയർ മുന്നറിയിപ്പ് നല്‍കി

വൈറസ് ബാധയുടെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍. ആള്‍ക്കൂട്ടമുണ്ടാവുന്ന ചന്തകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമാണ് കൂടുതലും നിയന്ത്രണങ്ങള്‍. ചാല, പാളയം തുടങ്ങി മാര്‍ക്കറ്റുകളിലെ പഴം, പച്ചക്കറി കടകള്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം തുറക്കാം. മാംസം വില്‍ക്കുന്നവ രാവിലെ 11 വരെ മാത്രം. കോഴിക്കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍. വഴിയോരക്കച്ചവടം പരമാവധി ഒഴിവാക്കണം. മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലേ തുറക്കാവൂ. ഹോംഡെലിവറിയാണ് ഉചിതം. വ്യാപാരികളും മാള്‍ ഉടമകളുമായും കൂടിക്കാഴ്ച നടത്തി അഭിപ്രായം കേട്ട ശേഷമാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. അടുത്ത പത്ത് ദിവസത്തേക്കാണ് ഈ നിയന്ത്രണങ്ങള്‍.

കോവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ കോളജ് സുരക്ഷാജീവനക്കാരന്‍റെ റൂട്ട് മാപ്പ് പുറത്തുവന്നിട്ടില്ല. കടകംപള്ളിയിലെ നഗരസഭ ഓഫീസിലും കുടുംബാരോഗ്യകേന്ദ്രത്തിലും ഇദ്ദേഹം സന്ദര്‍ശിച്ചതായി മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങള്‍ അണുവിമുക്തമാക്കി.

അറസ്റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. പാന്‍മസാലയുമായി പിടിയിലായ പ്രതിക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്..