LiveTV

Live

Kerala

കണ്ണീര്‍ പെയ്തു തീര്‍ന്നിട്ടില്ല കവളപ്പാറയില്‍; പ്രളയം കൊണ്ടുപോയവരെ കാത്ത് പ്രിയപ്പെട്ടവര്‍ ഇപ്പോഴും താഴ്വാരത്തുണ്ട്

കവളപ്പാറയിൽ പ്രളയം കൊണ്ടുപോയവരെ കാത്ത് പ്രിയപ്പെട്ടവർ ഇപ്പോഴും താഴ്വാരത്തുണ്ട്

കണ്ണീര്‍ പെയ്തു തീര്‍ന്നിട്ടില്ല കവളപ്പാറയില്‍; പ്രളയം കൊണ്ടുപോയവരെ കാത്ത് പ്രിയപ്പെട്ടവര്‍ ഇപ്പോഴും താഴ്വാരത്തുണ്ട്

കവളപ്പാറയിൽ പ്രളയം കൊണ്ടുപോയവരെ കാത്ത് പ്രിയപ്പെട്ടവർ ഇപ്പോഴും താഴ്വാരത്തുണ്ട്. വറ്റാത്ത പ്രതീക്ഷയുമായി അവർ മല കയറും. മണ്ണൊലിച്ചുകൊണ്ടുപോയ പ്രദേശമാകെ കരഞ്ഞ കണ്ണുകൊണ്ട് തിരയും. കാത്തിരിക്കേണ്ടതില്ലെന്ന് അറിഞ്ഞിട്ടും ആ തെരച്ചിൽ അവസാനിച്ചിട്ടില്ല.

കണ്ണീർ പെയ്തു തീർന്നിട്ടില്ല കവളപ്പാറയിൽ. പ്രകൃതി കൊണ്ടുപോയ 11 മനുഷ്യരെ ഇനിയും തിരിച്ച് കിട്ടിയിട്ടില്ല. ഉറ്റവർ വേദനയിൽ നീറി നീറി ജീവിക്കുന്നു. അച്ഛനെ അവസാനമായി ഒരേ ഒരു വട്ടം കാണണമെന്ന് ശാന്തക്കുണ്ട്. അതിനി നടക്കില്ലെന്ന് അറിയാമെങ്കിലും അച്ഛന്‍ അവസാനമായി നിന്നിരുന്ന ഇടത്തേക്ക് ഇടക്കിടെ അവള്‍ കയറും.

വെള്ളവും മണ്ണും മരങ്ങളും കല്ലുമെല്ലാം ചേര്‍ന്ന് അമ്മ ചീരയെ ഒഴുക്കിക്കൊണ്ട് പോയി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ചെളിക്കടിയില്‍ നിന്നാണ് കിട്ടിയത്. അച്ഛന്‍ പെരകനും ചെറിയച്ഛന്‍ ഒടുക്കന്‍കുട്ടിയും മണ്ണിലാണ്ട് പോയി.

ശാന്തക്കൊപ്പം പൽപ്പിനിയും മല കയറാറുണ്ട്. മലവെള്ളപാച്ചിലെടുത്ത അനിയത്തി ശാന്തകുമാരിയുടെ മകൻ സുജിത്തിനെയാണ് പൽപ്പിനിക്ക് വേണ്ടത്. ഇങ്ങനെ ഇനിയുമുണ്ട് വേറെയും മനുഷ്യര്‍ ഇവിടെ.59 പേര്‍ മരിച്ച സ്ഥലത്ത് 48 മൃതദേഹമേ കിട്ടിയിട്ടുള്ളൂ.പകുതി പേരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തിരിച്ചറിയാത്തതിൽ പെരകനും ഒടുക്കൻ കുട്ടിയും സുജിത്തും ഉണ്ടോയെന്ന് അറിയില്ലയെങ്കിലും കാത്തിരിപ്പിനു അവസാനമില്ല.